suresh-gopi

കൊച്ചി: 'എനിക്കീ തൃശൂര് വേണം...നിങ്ങളെനിക്ക് ഈ തൃശൂർ തരണം...ഈ തൃശൂര് ഞാനിങ്ങേടുക്കുവാ'. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച സിനിമാ താരവും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയുടെ ഹിറ്റായ വാചകങ്ങളാണിത്. ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകൾ ഏറെ ട്രോളുകൾക്കും സിനിമയിലെ ഡയലോഗിന് പോലും വിഷയമായിരുന്നു.

എന്നാൽ എറണാകുളം നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി രാജഗോപാലിന് വേണ്ടി പ്രചാരണം നടത്താനെത്തിയ രാജ്യസഭാ മെമ്പറോട് ഈ വാചകം അൽപ്പം മാറ്റങ്ങളോടെ ഒരു വിദ്യാർത്ഥി ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് സുരേഷ്ഗോപി നൽകിയത്. എറണാകുളം അങ്ങെടുക്കുവോ എന്ന ചോദ്യത്തോട് 'എറണാകുളം മാത്രമല്ല, കേരളം മുഴുവൻ ഞങ്ങൾ ഇങ്ങെടുക്കുവാ' എന്നായിരുന്നു താരം നൽകിയ മറുപടി.

എറണാകുളത്ത് നികത്തിൽ കോളനി സന്ദർശിച്ചുകൊണ്ടാണ് സുരേഷ് ഗോപി രാജഗോപാലിന് വേണ്ടിയുള്ള തന്റെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനു ശേഷം തേവര കോളേജിലെത്തി പ്രിൻസിപ്പൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തിരുവന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിന് വേണ്ടിയും പ്രചാരണം നടത്താൻ സുരേഷ് ഗോപി എത്തിയിരുന്നു.

എന്നാൽ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നത് പശുവിന്റെ പേരിലല്ലെന്നും 'പെണ്ണുകേസിന്റെ' പേരിലാണെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രചാരണത്തിനിടെയുള്ള പരാമർശം വിവാദമായിരുന്നു. രാജ്യത്ത് ദളിതർ കൊല്ലപ്പെടുന്നുവെന്ന വാർത്തകൾ വ്യാജമാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് കത്തെഴുതിയതും തുടർന്ന് ആദ്യഘത്തിൽ കത്തെഴുതിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാർജ് ചെയ്തതുമായ സംഭവങ്ങളിൽ, 'ബിഹാറിൽ ചിലർക്കെതിരെ കേസെടുത്താൽ കേരളത്തിൽ ഉള്ളവർക്ക് കാരണമില്ലാത്ത പ്രശ്നങ്ങളാണെ'ന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.