ലോക ബോക്സിംഗ്ചാമ്പ്യൻഷിപ്പ് മഞ്ജു റാണി ഫൈനലിൽ
ഉലാൻ ഉഡെ: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് സുവർണ നിറം പകർന്ന് മഞ്ജു റാണി ഫൈനലിൽ എത്തി. അതേസമയം സൂപ്പർതാരം മേരി കോം, ജമുന ബോറോ, ലൊവ്ലിന ബോർഗോഹേയിൻ എന്നിവർ സെമിയിൽ തോറ്റു.
ഇന്നലെ 48 കിലോ ഗ്രാം സെമിയിൽ മുൻചാമ്പ്യൻ തായ്ലൻഡിന്റെ ചുതാമത്ത് ഫക്സത്തിനെ വീഴ്ത്തിയാണ് മഞ്ജു ഫൈനലിൽ കടന്നത്. മഞ്ജുവിന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പാണിത്. സെമിയിൽ 4-1നാണ് മഞ്ജു തായ്ലൻഡ് താരത്തിന്റെ വെല്ലുവിളി മറികടന്നത്.18 വർഷത്തിന് ശേഷം ആദ്യമായാണ് ഒരിന്ത്യൻ താരം ലോക ചാമ്പ്യൻഷിപ്പിലെ അരങ്ങേറ്രത്തിൽ തന്നെ ഫൈനലിൽ എത്തുന്നത്.
അതേസമയം, മറ്റൊരു ഇന്ത്യൻ താരം ജമുന ബോറോ 54 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ തോൽവി വഴങ്ങി. ചൈനീസ് തായ്പേയിയുടെ ഹുയാങ് ഹസിയാവോ വെൻ ആണ് ജമുനയെ തോൽപ്പിച്ചത്. സ്കോർ 5-0.
ലോക ചാമ്പ്യൻഷിപ്പിലെ ഏഴാം സ്വർണം ലക്ഷ്യമിട്ടിറങ്ങിയ മേരി കോം സെമിയിൽ തുർക്കി താരം ബുസേനാസ് കാക്കിറോഗുലുനെതിരെയാണ് പരാജയപ്പെട്ടത്. 51 കിലോഗ്രാം വിഭാഗത്തിൽ മേരി സെമി ഫൈനലിലും ഉജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയമുൻതൂക്കം നേടിയ യുവതാരത്തെ അന്തിമ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മത്സര ഫലത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയെങ്കിലും തള്ളി.