shruthi-haasan

സ്ത്രീ മദ്യപിക്കുന്നതും തുറന്ന പ്രണയബന്ധങ്ങളിൽ ഏർപ്പെടുന്നതും പലപ്പോഴും നെറ്റി ചുളിച്ചുകൊണ്ടാണ് യാഥാസ്ഥിതിക സമൂഹം നോക്കിക്കാണുക. ആ സ്ത്രീ ഒരു സിനിമാനടി കൂടെയാണെകിൽ പറയുകയും വേണ്ട. അവർക്ക് നേരെ വരുന്ന വിമർശന ശരങ്ങൾക്ക് മൂർച്ച കൂടുകയേ ഉള്ളൂ. എന്നാൽ അത്തരം ചിന്താഗതികൾക്കൊന്നും വില നൽകാതെ തന്റെ സൗകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. തനിക്കുണ്ടായിരുന്ന മദ്യപാന ശീലം അവസാനിപ്പിച്ചതിനെ കുറിച്ചും കാമുകനുമായി ഉണ്ടായിരുന്ന പ്രണയബന്ധം നിർത്തിയതിനെക്കുറിച്ചുമാണ് നടി പറയുന്നത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

വിസ്കി കഴിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു താനെന്നും ആ സമയത്ത് വല്ലാത്തയൊരു അവസ്ഥയിലൂടെയാണ് താൻ കടന്നുപൊയ്ക്കൊണ്ടിരുന്നതെന്നുമാണ് ശ്രുതി പറഞ്ഞത്. എന്നാൽ ഇടയ്ക്കുവച്ച് തനിക്ക് ദോഷമായ ആ ശീലം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും ശ്രുതി പറയുന്നു. കാമുകനായ മിഖായേൽ കോഴ്‌സലുമായുള്ള ബന്ധം അവസാനിപ്പിച്ചതിലൂടെ ഒരുപാട് കാര്യങ്ങൾ തനിക്ക് മനസിലായെന്നും ശ്രുതി ഹാസൻ പറയുന്നു. താൻ വളരെ ഇമോഷണലും അതേസമയം 'കൂളും' ആയിരുന്ന ഒരാളായിരുന്നുവെന്നും, പെട്ടെന്ന് പ്രകോപിത ആകുന്നയാളും നിഷ്കളങ്കയുമായിരുന്നുവെന്നും നടി പറയുന്നു. കാമുകനുമായുള്ള ബന്ധം കഴിഞ്ഞതോടെ ഇത്തരം കാര്യങ്ങളിൽ തനിക്ക് വ്യക്തതയും പക്വതയും വന്നു. ശ്രുതി ഹാസൻ പറയുന്നു. ഇക്കാര്യങ്ങൾ തന്റെ വ്യക്തിപരമായ കാര്യമാണെന്നും അത് ആരോടും തുറന്നു പറയേണ്ടതില്ല എന്ന് മുൻപ് താൻ തീരുമാനിച്ചിരുന്നതായും നടി വ്യക്തമാക്കി.