സാൽമോസി: ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിൽ ഉണ്ടായ വെടിവയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടു. ബുർകിന ഫാസോയുടെ വടക്ക് ഭാഗത്തുള്ള സാൽമോസിയിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ വെള്ളിയാഴ്ച്ച വൈകിട്ടോടെ ഉണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പ് നടത്തിയത് ആരൊക്കെയാണെന്ന കാര്യത്തെക്കുറിച്ച് ഇനിയും വ്യക്തമായ വിവരണങ്ങൾ ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് പ്രാർത്ഥനാവേളയിൽ ആയുധധാരികളായ ആക്രമികൾ പള്ളിയിലേക്ക് ഇരച്ചുകയറി പള്ളിക്കകത്ത് കൂടിയിരുന്നവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 13 പേർ സംഭവസ്ഥലത്ത് വച്ചും ബാക്കി മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെ തുടർന്ന് സാൽമോസി പ്രദേശവാസികൾ തങ്ങളുടെ ജീവൻ കാക്കാനായി സ്വന്തം വീടുകളിലേക്ക് ചേക്കേറിയിട്ടുണ്ട്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറു രാജ്യമാണ് ബുർകിന ഫാസോ. 2015ലാണ് ഇസ്‌ലാമിക തീവ്രവാദം ഈ രാജ്യത്തിനുമേൽ പിടിമുറുക്കുന്നത്. തൊട്ടടുത്ത് കിടക്കുന്ന രാജ്യങ്ങളായ നൈജർ, മാലി എന്നിവയിൽ നേരത്തെ തന്നെ ഇസ്‌ലാമിക തീവ്രവാദികൾ നുഴഞ്ഞ് കയറിയിരുന്നു. അൽ ഖയിദ, ഐസിസ് എന്നീ ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകളാണിവർ.