പുതിയ കാലത്ത് വായന ശീലം കുറയുന്നതിന്റെ കാരണം അന്വേഷിച്ച് അധികമൊന്നും പോകേണ്ടി വരില്ല. ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കിയാൽ മാത്രം മതി. നിങ്ങൾക്ക് ചുറ്റുമിരിക്കുന്ന മിക്കവരുടെയും കൈയിൽ ഒരു സ്മാർട്ഫോൺ ഉണ്ടാകും. അതിലെ ജാലക്കാഴ്ചകളിൽ കണ്ണും നട്ട് അവർ ഇരിക്കുന്നുമുണ്ടാകും. ഇത് ഒരു പ്രത്യേക സമയത്തോ, സാഹചര്യത്തിലോ മാത്രം കാണാൻ കഴിയുന്ന ഒരു കാര്യമല്ല. മിക്ക സമയത്തും ഇത് തന്നെയാണ് പലരുടെയും അവസ്ഥ. ഇവരിൽ പലരും ഒരു പുസ്തകം തുറന്നു നോക്കിയിട്ട് വർഷങ്ങൾ തന്നെ ആയിട്ടുണ്ടാകും.
അത്തരത്തിലുള്ള ആൾക്കാരെ കുറ്റം പറഞ്ഞിട്ട് അധികം കാര്യമില്ല. 'മൈക്രോ ഇൻഫോർമേഷ'ന്റെ കാലമാണിത്. നിരന്തരം പലതരം വിവരങ്ങൾ, വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ശബ്ദശകലങ്ങളിലൂടെയും ഒരു കൊച്ച് സ്‌ക്രീനിലൂടെ നമ്മുക്ക് മുന്നിലേക്ക് എത്തുമ്പോൾ അതിൽ വീണുപോകുക സ്വാഭാവികമാണ്. വളർന്നു വരുന്ന തലമുറ കൂടി ഇതിലേക്ക് വീണുപോകുന്നതാണ് കഷ്ടം. കാരണം കുട്ടികളുടെ തലച്ചോറിന്റെ സ്വാഭാവിക വികാസത്തിനും വളർച്ചയ്ക്കും തടസം നിൽക്കുന്നതാണ് സോഷ്യൽ മീഡിയയും സ്മാർട്ട്ഫോണുകളും ഇന്റർനെറ്റുമെല്ലാം. വായനയെ വീണ്ടെടുക്കുക എന്നത് മാത്രമാണ് അതിനുള്ള പോംവഴി.
ഒരു വർഷം കൊണ്ട് 200 പുസ്തകങ്ങൾവായിച്ചു തീർക്കാനായി ഒരു വ്യക്തിക്ക് വേണ്ടിവരുന്നത് 417 മണിക്കൂറാണെന്നാണ് വിദഗ്ദ്ധർ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരു വ്യക്തി പ്രതിവർഷം 608 മണിക്കൂറാണ് അതിൽ ചിലവഴിക്കുന്നതെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. വായിക്കാൻ സമയമില്ലെന്ന കാരണം പറഞ്ഞുകൊണ്ട് പുസ്തകം തൊട്ടുപോലും നോക്കാത്ത ആളുകളുടെ വാദങ്ങൾ പഠനങ്ങൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ പൂർണമായും തെറ്റാണ്. അതിനാൽ, വായനയെ തിരിച്ചുപിടിക്കാൻ സോഷ്യൽ മീഡിയയിലെ 'സ്ക്രോളിംഗ്' അവസാനിപ്പിച്ചേ മതിയാകൂ.