ശ്രീനിവാസാ.... ഗോവിന്ദാ.... മുണ്ഡനം ചെയ്ത ശിരസുമായി സ്ത്രീകൾ ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങളും വെങ്കിടാചലപതിയെ മനസിൽ ധ്യാനിച്ച് ദർശനത്തിനായി നടന്നു നീങ്ങുകയാണ്. ക്യൂ കോംപ്ലക്സുകളിൽ മണിക്കൂറുകൾ നിന്ന് വരിവരിയായി നീങ്ങുമ്പോഴും കണ്ഠങ്ങളിൽ നിന്ന് ശ്രീനിവാസ മന്ത്രങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു.
തിരുപ്പതിയുടെ ആകാശത്ത് വിമാനമെത്തുമ്പോൾ പരന്നുകിടക്കുന്ന സപ്തഗിരി നിരകൾ കാണാം. ശേഷാചലം, ഗരുഡാചലം, നാരായണാചലം, വൃഷഭാചലം, വൃഷാചലം, ആജ്ഞനേയാചലം, വെങ്കിടാചലം എന്നിവ. അതിൽ വെങ്കിടാചലം എന്ന വെങ്കിടാദ്രി മലയുടെ നെറുകയിലാണ് ഭൂലോകത്തിന് സർവ ഐശ്വര്യങ്ങളും മംഗളങ്ങളും നേർന്ന് മാറിൽ ലക്ഷ്മീദേവിയേയും വഹിച്ച് സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീനിവാസൻ വെങ്കിടാചലപതിയായി അനുഗ്രഹം വർഷിക്കുന്നത്.
നിത്യവും പതിനായിരക്കണക്കിന് ഭക്തർ വന്നുപോകുന്ന ലോകത്തിലെ ഏറ്റവും തിരക്കുള്ള തീർത്ഥാടന കേന്ദ്രമാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ തിരുപ്പതിയിലാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം. മഹാവിഷ്ണുവിനെ 'വെങ്കടേശ്വരൻ" എന്ന പേരിൽ മഹാലക്ഷ്മി, ഭൂമീദേവീ സമേതനായി ആരാധിക്കുന്നു. ഭൂദേവി ഇവിടെ 'പദ്മാവതി" എന്ന പേരിൽ അറിയപ്പെടുന്നു. 'സ്വാമി പുഷ്കരിണി" എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന്റെ കരയിലാണ് ക്ഷേത്രം. മുഖ്യപ്രതിഷ്ഠയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.
മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ നാനാ കോണുകളിൽ നിന്നും ബാലാജിയുടെ അനുഗ്രഹം തേടി ഭക്തജന ലക്ഷങ്ങളാണ് എത്തുന്നത്. തിരുപ്പതി നഗരത്തിൽ നിന്നും 21 കലോമീറ്റർ അകലെ തിരുമലയിലാണ് ക്ഷേത്രമെങ്കിലും തിരുപ്പതി നഗരത്തിന്റെ ജീവൻ ക്ഷേത്രമാണന്ന് പറയാം.
വിമാനമാർഗമോ, ട്രെയിനിലോ, ബസിലോ ഇവിടെയെത്തിയാൽ ഓരോ മിനിട്ട് ഇടവേളകളിൽ തിരുമലയിലേക്ക് പോകുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ സർക്കാർ ബസുകൾ ലഭ്യമാകും. തല മുണ്ഡനം ചെയ്യുക, കാണിക്കയർപ്പിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ. അടിവാരത്തുള്ള 'അലിപിരി" എന്ന സ്ഥലത്തുനിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. ഇവിടെനിന്ന് ഒരു നടപ്പാതയും ഇരുഭാഗത്തേക്കും ഗതാഗതമുള്ള രണ്ട് റോഡുകളും കാണാം. ഇവിടെ വലിയൊരു കവാടവും, അതിനടുത്ത് ഭഗവദ് വാഹനമായ ഗരുഡന്റെ ഒരു പ്രതിമയുമുണ്ട്. ശ്രീ വെങ്കടേശ്വര ദേശീയോദ്യാനത്തിൽക്കൂടിയാണ് നടന്ന് മലകയറുന്നവർ പോകുന്നത്. അരുവികളും വെള്ളച്ചാട്ടങ്ങളും മാൻ പാർക്കും എല്ലാം കണ്ണിന് കുളിർമ്മയേകും. ഗോവിന്ദാ ...ഗോവിന്ദാ... വിളികളോടെയാണ് ഭക്തർ മലകയറുന്നത്. മലമ്പാത തുടങ്ങുന്ന സ്ഥലത്തുള്ള കവാടത്തിൽ ശ്രീഭൂമീ ദേവീ സമേതനായ വെങ്കടേശ്വരനെയും ഭഗവാനെ തൊഴുതുനിൽക്കുന്ന ഗരുഡനെയും ഹനുമാനെയും കാണാം.
നടന്ന് മലകയറുന്ന വഴി തുടങ്ങുന്ന സ്ഥലത്തിനടുത്തായി 'ശ്രീവാരി പാദാല മണ്ഡപം" എന്ന പേരിൽ ചെറിയൊരു ക്ഷേത്രം കാണാം. ഇവിടത്തെ മൂർത്തിയും വെങ്കടേശ്വരസ്വാമി തന്നെയാണ്. വെങ്കടേശ്വരസ്വാമി, എല്ലാ ദിവസവും രാത്രി പടിയിറങ്ങിവന്ന് തിരുച്ചാനൂരിലുള്ള പദ്മാവതീദേവിയുടെ അടുത്തേക്ക് പോകുമെന്നാണ് വിശ്വാസം. പോകുന്ന വഴിയിൽ ഭഗവാൻ വിശ്രമിക്കുന്ന സ്ഥലമാണത്രേ പാദാല മണ്ഡപം. ഇവിടെ പാദരക്ഷകൾ ഉപേക്ഷിച്ചാണ് തുടർന്നുള്ള യാത്ര. ഇതിനടുത്ത് മറ്റൊരു ചെറിയ ക്ഷേത്രമുണ്ട്. ലക്ഷ്മീസമേതനായ മഹാവിഷ്ണു കുടികൊള്ളുന്ന ഈ ദേവാലയം 'ലക്ഷ്മീനാരായണക്ഷേത്രം" എന്നറിയപ്പെടുന്നു.
ചരിത്ര രേഖകൾ
ക്ഷേത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ചരിത്രരേഖ പല്ലവ രാജ്ഞിയായിരുന്ന സമവൈ എ.ഡി 966ൽ ഇറക്കിയതാണ്. അവർ ആഭരണങ്ങളും പത്തേക്കറും പതിമൂന്നേക്കറും വിസ്തീർണം വരുന്ന രണ്ട് സ്ഥലങ്ങളും ദാനം ചെയ്യുകയും അവയിൽ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കായി ഉപയോഗിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പല്ലവ സാമ്രാജ്യത്തിനുശേഷം, രണ്ടാം ചോള സാമ്രാജ്യവും പിന്നീട് വിജയ നഗര സാമ്രാജ്യവും വെങ്കടേശ്വരനെ പ്രാധാന്യത്തോടെ കണ്ടവരായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രത്തിന് ഇന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഭിച്ചത്. എ.ഡി 1517ൽ, വിജയനഗര ചക്രവർത്തിയായിരുന്ന കൃഷ്ണദേവരായർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ സ്വർണവും രത്നങ്ങളും സമ്മാനിക്കുകയും, അതുവഴി ശ്രീകോവിൽ പുനരുദ്ധരിക്കുകയും ചെയ്തു. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, മൈസൂർ രാജവംശവും ഗഡ്വാൾ സംസ്ഥാനവും വെങ്കടേശ്വരനെ പൂജിക്കുകയും ക്ഷേത്രത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്തു.
വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ക്ഷേത്രം ഗോൽക്കൊണ്ടസുൽത്താൻമാരുടെ കീഴിലായി. പിന്നീട് ഫ്രഞ്ചുകാരും അതിനുശേഷം കർണാടിക് നവാബും ക്ഷേത്രഭരണം കൈയടക്കി. 19-ാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാകമ്പനി ക്ഷേത്രഭരണം ഏറ്റെടുത്തു. 1843ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുപ്പതിയിലെ ഹാഥിറാംജി മഠത്തിന് ക്ഷേത്രം സമ്മാനിച്ചു. 1933ൽ തിരുമല തിരുപ്പതി ദേവസ്ഥാനം ( ടി.ടി.ഡി) രൂപം കൊള്ളും വരെ ഹാഥിറാംജി മഠാധിപതിയായിരുന്നു ക്ഷേത്രാധികാരി. 1951ൽ ക്ഷേത്രം ആന്ധ്രാസർക്കാരിന്റെ കീഴിൽ നേരിട്ടുകൊണ്ടുവന്നുവെങ്കിലും, പിന്നീട് വീണ്ടും ടി.ടി.ഡി ഏറ്റെടുക്കുകയായിരുന്നു.
ചരിത്രപ്രധാനമായ നിരവധി ശിലാലിഖിതങ്ങൾ തിരുമല ക്ഷേത്രത്തിലുണ്ട്. പ്രധാന ക്ഷേത്രത്തിലെയും അടിവാരത്തിലെയും തിരുച്ചാനൂരിലെയും ശിലാലിഖിതങ്ങളുടെ എണ്ണം മാത്രം പതിനായിരത്തിനടുത്തുവരും. തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലാണ് ശിലാലിഖിതങ്ങളെല്ലാം എഴുതിയിട്ടുള്ളത്
എത്തിച്ചേരാൻ
തിരുപ്പതി നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് തിരുപ്പതി ഇന്റർനാഷണൽ എയർപോർട്ട്. കേരളത്തിൽ നിന്നും പാലക്കാട് ഈറോഡ്സേലംവഴി ട്രെയിൻ മാർഗമോ റോഡ് വഴിയോ എത്തിച്ചേരാം. ചെന്നൈയിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ ട്രെയിൻ അല്ലെങ്കിൽ റോഡ് മാർഗം തിരുപ്പതിയിൽ എത്താം. ബെംഗളൂരുവിൽ നിന്ന് 291 കിലോമീറ്ററും ഹൈദരാബാദിൽനിന്ന് 572 കിലോമീറ്ററും ദൂരം ഇവിടേയ്ക്കുണ്ട്. പ്രസിദ്ധമായ ശ്രീ കാളഹസ്തി ശിവക്ഷേത്രത്തിലേക്ക് ഇവിടെ നിന്നും 40 കിലോമീറ്റർ മാത്രമാണ് ദൂരം.
ദർശനം
ദിവസവും ഒരു ലക്ഷത്തോളം പേർ ദർശനത്തിന് എത്തുന്നു എന്നാണ് കണക്ക്. എയർ കണ്ടീഷൻ ചെയ്ത ഇരിപ്പിടങ്ങളോട് കൂടിയ ക്യൂ കോംപ്ലക്സുകൾ കടന്നാണ് ദർശനം. സൗജന്യ ഭക്ഷണവും വെള്ളവും ടോയ്ലറ്റുകളും എല്ലാം ഭക്തർക്ക് മണിക്കൂറുകൾ നീളുന്ന ക്യൂവിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നു. സർവ ദർശനം എന്ന സൗജന്യ ദർശനവും ഒരാൾക്ക് 300 രൂപ നിരക്കിൽ ശീഘ്ര ദർശനവും ഉണ്ട്. ഇതിനും നാല് മണിക്കൂറോളം കാത്തിരിക്കേണ്ടി വരും. ഓൺ ലൈനായും കൗണ്ടറുകളിൽക്കൂടിയും ടിക്കറ്റ് ലഭിക്കും.