നാട്ടിലെ എല്ലാ ചടങ്ങുകളിലും സുരാജ് സംബന്ധിക്കും. ആരെയും ബോദ്ധ്യപ്പെടുത്താനല്ല. ആത്മാർത്ഥമായിത്തന്നെ. സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കുന്ന കുറേ പേരുണ്ട് എന്ന തോന്നൽ നൽകുന്ന ബലം നിസാരമല്ല. ചിലർക്ക് അമിതമായ സമ്പത്തുണ്ടാകും. സൗഹൃദങ്ങളുടെ കാര്യത്തിൽ ദരിദ്രനായിരിക്കും. ചിലർ പ്രശസ്തരായിരിക്കും. ചുറ്റുപാടുമുള്ളവരോട് അകലത്തിലായിരിക്കും. ഒരു കാര്യം വരുമ്പോൾ അധികമാരും അടുക്കുകയുമില്ല. താൻ വലിയവൻ. മറ്റുള്ളവരെല്ലാം ചെറിയവൻ എന്ന ഭാവമാണ് സൗഹൃദങ്ങൾക്ക് തടസം.
സ്കൂളദ്ധ്യാപകനായ സുരാജ് സഹപ്രവർത്തകരോട് ഈയിടെ തന്റെ നിലപാട് മാറ്റം പ്രകടിപ്പിച്ചു. പഴയതുപോലെ മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കെടുക്കാൻ ഉത്സാഹം തോന്നുന്നില്ല. മറ്റാരുടെയും ഒരു കാര്യത്തിനും പങ്കെടുക്കാത്ത ഇംഗ്ളീഷ് സാർ കാരണം തിരക്കി. രണ്ടുദാഹരണങ്ങൾ സുരാജ് അവർക്ക് മുന്നിൽ നിരത്തി. അമ്പതുവയസുള്ള ജ്യേഷ്ഠൻ മരിച്ച ഒരു വീട്ടിൽ വളരെ വിഷമത്തോടെയാണ് പോയത്. ഇടവഴിയും ഊടുവഴിയും കടന്നാണ് പോകേണ്ടത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണ് മരണവീട്ടിൽ ചെന്നത്. ഒന്നുരണ്ടു ലക്ഷം രൂപയും പോയി ആളും പോയി. സ്കൂൾ ക്ളാസിൽ പഠിക്കുന്ന രണ്ടുമക്കൾ. വൈകിയായിരുന്നു വിവാഹം. എങ്ങനെ വീട്ടുകാരെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ചാണ് സുരാജ് വീട്ടിൽ കയറിയത്. അനുജൻ പൂമുഖത്ത് തന്നെയുണ്ട്. കൈയിലെ മൊബൈലിൽ വാട്സാപ്പ് സന്ദേശങ്ങളും വീഡിയോയും കാണുകയാണ്. ഏതോ രാഷ്ട്രീയവിവാദത്തിന്റെ കൊടുമുടിയിലാണ് അയാൾ. സുരാജിനെ ഒന്നുനോക്കിയിട്ട് വീണ്ടും മൊബൈലിലേക്ക് തല പൂഴ്ത്തി. മരണവീട്ടിൽ നിന്നും മടങ്ങുമ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന രക്തബന്ധങ്ങൾ ഇഞ്ചിഞ്ചായി മരിക്കുന്ന വിഷമത്തിലായിരുന്നു സുരാജ്.
നാലഞ്ചു കല്യാണങ്ങളുള്ളതിനാൽ വളരെ പണിപ്പെട്ട് സമയം കണ്ടെത്തിയാണ് ഒരു ബന്ധുവിന്റെ കല്യാണത്തലേന്ന് വീട്ടിലെത്തിയത്. അടുത്ത ബന്ധുക്കളും അകന്ന ബന്ധുക്കളുമൊക്കെ ആഡിറ്റോറിയത്തിന് മുന്നിലെ കസേരകളിലുണ്ട്. എല്ലാവരും തിരക്കിലാണ്. ഒച്ചയും ബഹളവുമില്ല. മൊബൈലിൽ തേച്ചും മിനുക്കിയും തപസ് ചെയ്യുകയാണ് പലരും. ചിലർ സ്വയം ചിരിക്കുന്നു, ആക്രോശിക്കുന്നു. അവർക്കെല്ലാം ആതിഥ്യമര്യാദയുണ്ട്. പക്ഷേ, മൊബൈലിനോടാണെന്ന് മാത്രം. സൽക്കാരത്തിനൊന്നും പിടി കൊടുക്കാതെ മടങ്ങുമ്പോൾ സുരാജ് സ്വയം ചോദിച്ചത്രെ, ഇത്രയ്ക്കും മിണ്ടാനും പറയാനും സമയമില്ലാത്തവർ എന്തിന് ആളുകളെ ഇങ്ങനെ ക്ഷണിച്ചു വരുത്തുന്നു. എല്ലാം കേട്ടിരുന്ന ഇംഗ്ളീഷ് സാർ അപ്പോൾ പറഞ്ഞു, ഇങ്ങനെ പോയാൽ സംഭാവനകൾ ഒഴിവാക്കുക, എന്നതു പോലെ മൊബൈൽ സ്വിച്ച് ഓഫാക്കി പങ്കെടുക്കുക എന്നു കൂടി കല്യാണക്കത്തിൽ അടിക്കേണ്ടി വരുമോ?