വീണ്ടും ഒരു കൈലാസയാത്രയ്ക്ക് തയ്യാറുണ്ടോ എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന് ഉണ്ട് എന്ന് മാത്രമല്ല, സ്ഥിരമായി അവിടെ താമസിക്കാൻ പറ്റിയെങ്കിൽ എന്നായിരുന്നു മറുപടി. കുട്ടിക്കാലത്ത് അടുത്ത ജന്മത്തിൽ നിനക്കാരാകണം എന്ന് കൂട്ടുകാർ പരസ്പരം ചോദിക്കുമ്പോൾ ഒരു 'രാജകുമാരിയാകണം" എന്നായിരുന്നു മറുപടി. പക്ഷേ ഇന്ന്, പുണ്യഭൂമിയായ ഹിമാലയൻ മലമടക്കുകളിൽ അലഞ്ഞുതിരിയുന്ന ഒരു സർവസംഗപരിത്യാഗി ആകണം, അല്ലെങ്കിൽ പടിഞ്ഞാറൻ ടിബറ്റിലെ നഗാരി ജില്ലയിലെ ഒരു പോർട്ടറോ, ഷെർപ്പയോ, അതുമല്ലെങ്കിൽ ആ മണ്ണിനെ സ്പർശിച്ച് നടക്കാൻ ഭാഗ്യം ചെയ്ത ഒരു കുതിരയെങ്കിലും ആയാൽ മതിയെന്ന്....വളരെ വർഷങ്ങളായുള്ള കൈലാസ ദർശനം എന്ന സ്വപ്നം, ഹിമാലയം എന്ന അത്ഭുതലോകം കാണാനും അനുഭവിക്കാനും ഉള്ള അതിയായ ആഗ്രഹം സഫലമായത് ഇപ്പോഴാണ്.
തിരുവനന്തപുരം ശാസ്തമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന 'മോക്ഷ" എന്ന ഗ്രൂപ്പിനൊപ്പമായിരുന്നു എന്റെ സ്വപ്നയാത്ര. 2019 ജൂലായ് മൂന്നാം തീയതി രാവിലെ മൂന്നുമണിക്ക് യാത്ര തിരിച്ചു. ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ ഡൽഹി, അവിടുന്ന് കാഠ്മണ്ഡു, അവിടെ ഹോട്ടൽ റോയൽ സിംഗിയിൽ താമസം. സത് സംഗവും യാത്രയെപ്പറ്റിയുള്ള ഹ്രസ്വവിവരണവും ഒക്കെയായി ആ ദിവസം കടന്നുപോയി. പിറ്റേന്ന് രാവിലെ പശുപതിനാഥ ദർശനം ഏറ്റവും ഭംഗിയായിത്തന്നെ നടത്തി. പഞ്ചമുഖനായ മഹേശ്വരനെ അഞ്ച് പ്രദക്ഷിണം വച്ചു. തുടർന്ന് ബുഡനീലകണ്ഠ ക്ഷേത്ര ദർശനമായിരുന്നു. ഏകദേശം 13 മീറ്റർ ചുറ്റളവുള്ള ജലാശയത്തിൽ ശംഖചക്രധാരിയായി അനന്തന്റെ പുറത്ത് ശയിക്കുന്ന 16 അടി നീളമുള്ള മഹാവിഷ്ണു പ്രതിഷ്ഠ. 16 വയസിൽ താഴെയുള്ള ആൺകുട്ടികളാണ് ഇവിടെ പൂജ നടത്തുക.
ജൂലായ് അഞ്ചാം തീയതി രാവിലെ ഏഴു മണിക്ക് തന്നെ പ്രാതൽ കഴിച്ച് എല്ലാവരും തയ്യാറായി. പ്രാർത്ഥനയും പരസ്പരം യാത്രാനുമതി വാങ്ങലും ഒക്കെ കഴിഞ്ഞ് ഞങ്ങൾ 52 യാത്രികർ രണ്ട് ബസുകളിലായി കാഠ്മണ്ഡുവിൽ നിന്നും 'സ്യാപ്രുബേശി " എന്ന ടിബറ്റൻ അതിർത്തി പങ്കിടുന്ന ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. മൂന്ന് മലകളെ തരണം ചെയ്തു കടന്നുപോകേണ്ട വളരെ അപകടകരമായ ഒരു യാത്രയായിരുന്നു അത്. തൃശൂലി നദി ഇടതുവശത്തായി ആർത്തലച്ച് ഒഴുകുന്നുണ്ട്. വളരെ അപകടകരമായ, റോഡ് എന്ന് പറയാവുന്ന ഒരു വഴി മാത്രം. എതിരെ വരുന്ന വാഹനങ്ങളെ വളരെ ശ്രദ്ധിച്ചു മാത്രമേ കടത്തിവിടാൻ കഴിയൂ. കുറേ ദൂരം തൃശൂലി നദിയുടെ ഓരത്തുകൂടിയുള്ള യാത്രയായിരുന്നു. ചോളം സമൃദ്ധമായി മലഞ്ചെരുവുകളിൽ കൃഷിചെയ്യുന്നുണ്ട്. ഏകദേശം ഏഴുമണിയോടുകൂടി ഹോട്ടൽ 'കൈലാസി"ൽ എത്തി.
പിറ്റേന്ന് ജൂലായ് 6. രാവിലെ സ്വാദിഷ്ഠമായ പ്രഭാതഭക്ഷണം കഴിഞ്ഞ് പത്തുമണിയോടെ എല്ലാവരും അവരവരുടെ തോൾബാഗുകളും ചുമലിലേറ്റി രണ്ടുകിലോമീറ്റർ നടന്ന് ചൈന ഇമിഗ്രേഷൻ സെന്ററിലെത്തി. ഓരോരുത്തരുടെയും ശാരീരികക്ഷമത വളരെ സൂക്ഷ്മതയോടെ ഗൈഡുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇമിഗ്രേഷൻ നടപടി ക്രമങ്ങളൊക്കെ കഴിഞ്ഞ് ഏകദേശം ടിബറ്റൻ സമയം രണ്ടുമണിയോടെ 'കെയ്റോങ്" എന്ന സാമാന്യം വലിയ ഒരു പട്ടണത്തിലേക്ക് യാത്ര തിരിച്ചു. അഞ്ചുമണിയോടുകൂടി ഹോട്ടലിലെത്തി. മൂന്നാമത്തെ നിലയിലായിരുന്നു എനിക്ക് മുറി കിട്ടിയത്. തോൾബാഗുമായി പടികൾ കയറിയപ്പോഴാണ് യാത്രയിലാദ്യമായി ചെറുതായി ശ്വാസം മുട്ടുന്ന അനുഭവം ഉണ്ടായത്. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം കൂടിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് 13500 അടി. ഉയർന്ന ഉയരത്തിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. മാനസികമായി നന്നായി തയ്യാറെടുത്തു, കാലാവസ്ഥയും മാറിത്തുടങ്ങി. വൈകുന്നേരം കെയ്റോങ് പട്ടണവും ഒരു ബുദ്ധക്ഷേത്രവും സന്ദർശിച്ചു.
ജൂലായ് ഏഴാം തീയതി രാവിലെ 6 ന് ഹോട്ടൽ ലോബിയിൽ എല്ലാവരും ഒത്തുകൂടി, പ്രാർത്ഥനയും തുടർന്ന് പ്രാണായാമവും അനുഷ്ഠിച്ചു. വളരെ ലഘുവായ പ്രഭാത ഭക്ഷണത്തിനുശേഷം സാഗയിലേക്ക് യാത്ര തിരിച്ചു. കെയ്റോങ് പിന്നിട്ടു കഴിഞ്ഞാൽ പിന്നെ പച്ചപ്പ് അവസാനിക്കുകയാണ്. വലിയ മരങ്ങളും കുറ്റിച്ചെടികളും ഒക്കെ മാറി വെറും പുൽച്ചെടികൾ മാത്രം. തുടർന്നുള്ള യാത്രയിൽ അതും ഇല്ലാതെ വെറും മൊട്ടക്കുന്നുകൾ. വളരെ അപൂർവമായി മാത്രം കാണുന്ന ചെറിയ പുൽച്ചെടികൾ. അവയിലും നല്ല ഭംഗിയുള്ള പൂക്കളുണ്ട്. ചാരനിറത്തിലുള്ള മൊട്ടക്കുന്നുകളും വലിയ പർവതങ്ങളും ഒക്കെ കയറിയിറങ്ങി സാഗയിലേക്ക്. ടിബറ്റിലൂടെ യാത്ര തുടങ്ങിയതു മുതലുള്ള റോഡുകളുടെ ഗുണനിലവാരം പറയാതിരിക്കാൻ കഴിയില്ല. വളരെ നന്നായി സംരക്ഷിച്ചിരിക്കുന്നു. ഇടയ്ക്ക് ബ്രഹ്മപുത്രാനദിയുടെ തീരത്ത് ചെറിയ വിശ്രമം. എല്ലാവരും ജാക്കറ്റും തൊപ്പിയും കൈയ്യുറകളും പോളറൈസ്ഡ് കണ്ണടകളും ഒക്കെ ധരിച്ചാണ് യാത്ര. അതിശക്തമായ സൂര്യരശ്മികളാണ്. കണ്ണടകളില്ലാതെ അധിക സമയം വെളിച്ചത്തിലേക്ക് നോക്കാൻ കഴിയില്ല. വൈകുന്നേരം ആറ് മണിയോടുകൂടി സാഗയിലെ ഹോട്ടലിലെത്തി. എല്ലാവരും വളരെ ക്ഷീണിതരായിരുന്നു.
പിറ്റേദിവസം പ്രഭാത ഭക്ഷണ സമയത്ത് തലേദിവസത്തെ അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവച്ചത്. ചൂടുകഞ്ഞിയാണ് പ്രാതലിനുവേണ്ടി തിരഞ്ഞെടുത്തത്. അതും വളരെ ലഘുവായി കഴിച്ച് ഉച്ചവരെ മുറിയിൽതന്നെ വിശ്രമിച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞ് സാഗയെന്ന ചെറിയ പട്ടണം. യാത്രയിലെ അവസാനത്തെ ജനവാസ കേന്ദ്രം കാണാൻ കുറച്ചുപേർ തയ്യാറായി. ഞാനും അവരോടൊപ്പം കൂടി. ചെറിയ ഗ്രൂപ്പുകളായി നടന്ന് കാഴ്ചകളൊക്കെ കണ്ടു. മുപ്പത് മിനിറ്റ് ആയപ്പോഴേയ്ക്കും വല്ലാത്ത ക്ഷീണം തോന്നി. തിരികെ വീണ്ടും മുറിയിൽ വിശ്രമം. പിറ്റേ ദിവസത്തെ കൈലാസ ദർശനവും മാനസസരോവറും ഒക്കെ സ്വപ്നം കണ്ട് എല്ലാവരും സമാധാനത്തോടെ ഉറങ്ങി. ഒരു ദിവസം സാഗയിൽ തങ്ങുന്നത് ഉയർന്ന ഉയരത്തിൽ നമ്മുടെ ശരീരം പൊരുത്തപ്പെടാൻ വേണ്ടിയാണ്. ഗൈഡുകൾ കൃത്യമായി എല്ലാവരുടെയും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കുന്നുണ്ടായിരുന്നു.
ജൂലായ് ഒൻപതാം തീയതി രാവിലെ ഏഴു മണിക്ക് മാനസ സരോവറിലേക്ക്. വീണ്ടും മലകൾ കയറി 17000 അടി ഉയരത്തിലുള്ള 'മായുംലാപാസ്" പിന്നിട്ട്, മഞ്ഞുമലകൾ കണ്ട്, റോഡിനിരുവശത്തും പുതഞ്ഞുകിടക്കുന്ന മഞ്ഞു പാടങ്ങൾ കണ്ട് ഇടക്കിടക്ക് ചെമ്മരിയാടിൻ കൂട്ടങ്ങളും യാക്കിന്റെ കൂട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് യാത്ര തുടർന്നു. കൈലാസ ദർശനത്തിന് എല്ലാവരും തയ്യാറായി ഇരുന്നു. ഏകദേശം മൂന്നു മണിയോടുകൂടി മാനസ സരോവറിന്റെ തീരത്തെത്തി. കൈലാസം അപ്പോഴും ദർശനം തരാതെ മഞ്ഞിൽ മൂടിക്കിടക്കുകയാണ്. മൂന്ന് ചെറിയ ബസുകളിലായി ഞങ്ങൾ 52 പേർ മാനസ സരോവർ പരിക്രമണം ആരംഭിച്ചു. ഏകദേശം ആറുമണിയോടുകൂടി ബസ് തടാകത്തിന്റെ തീരത്ത് നിറുത്തിയിട്ട് ടിബറ്റൻഡ്രൈവർ ഞങ്ങളോട് തീർത്ഥജലം ശേഖരിക്കാൻ ഉള്ളവർക്ക് ആവാം എന്ന് പറഞ്ഞു. തടാകത്തിൽ നിന്നും കല്ലുകളും തീർത്ഥജലവും എല്ലാവരും ശേഖരിച്ചു. ഒരു മണിക്കൂറിനുശേഷം മാനസസരസിന്റെ തീരത്തുള്ള അന്നത്തെ താമസ സ്ഥലത്തെത്തി. ടോയ്ലറ്റ് സൗകര്യങ്ങളൊന്നുമില്ലാത്ത മുറികൾ, ഓരോ ചെറിയ മുറിയിലും എട്ട് കിടക്കകൾ. ടെന്റ് ടോയ്ലറ്റിലും മറ്റുമായി പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചു.
ജൂലായ് പത്താം തീയതി രാവിലെ കൈലാസ നാഥനെ കാണാനായി മനസ് തുടിച്ചു. മഞ്ഞും മേഘവും മാറി ഇടയ്ക്കിടയ്ക്ക് കൈലാസനാഥൻ ഞങ്ങൾക്ക് ദർശനം തന്നുകൊണ്ടിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് 'ദർച്ചൻ ബേസ് " ക്യാമ്പിലേക്ക് തിരിച്ചു. അവിടെ എല്ലാ സൗകര്യങ്ങളുമുള്ള 'ഹിമാലയ കൈലാസ് " ഹോട്ടലിൽ താമസം. രാത്രി ഒൻപത് മണിയോടുകൂടി ഹോട്ടലിലെത്തി. പത്തു മണിക്കും സൂര്യൻ അസ്തമിച്ചിട്ടുണ്ടായിരുന്നില്ല. ഇരുട്ട് പരക്കാൻ ഏകദേശം പത്തരമണിയായി. എല്ലാവരും വളരെ ക്ഷീണിതരായിരുന്നു. യാത്രാക്ഷീണവും ഓക്സിജന്റെ കുറവും ചിലരെയൊക്കെ തളർത്തിക്കളഞ്ഞു.
പിറ്റേ ദിവസത്തെ കാലാവസ്ഥ വളരെ മോശമായിരുന്നു. മഞ്ഞുവീഴ്ച കാര്യമായുണ്ട്, അതുകൊണ്ട് എല്ലാവർക്കും പരിക്രമണം സാധ്യമാകുമോ എന്ന സംശയം ക്യാമ്പിലെത്തിയപ്പോൾ തന്നെ ടിബറ്റൻ ഗൈഡ് ഉന്നയിച്ചിരുന്നു. അങ്ങനെ, പോകാൻ അനുവാദം കിട്ടാത്തവരുടെ കൂട്ടത്തിൽ ഞാനും ഉൾപ്പെട്ടു. ഞങ്ങൾ കുറച്ചുപേർക്ക് യമദ്വാർ കടന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തിരികെ വരാനായിരുന്നു നിർദ്ദേശം. ഒരു ചെറിയ മൈതാനത്തിലേക്ക് എല്ലാവരും എത്തി. അവിടെ കുതിരകളും പോർട്ടർമാരും യാക്കുകളും ഒക്കെ കൂട്ടംകൂടി നിൽപ്പുണ്ട്. നറുക്കിട്ടാണ് പോർട്ടറെയും കുതിരയെയും തിരഞ്ഞെടുക്കുക. പരിക്രമണാനുമതി ലഭിക്കാത്ത ഞങ്ങൾ എല്ലാവരുംകൂടി നടന്ന് യമദ്വാർ എത്തി. എല്ലാവരുടെയും ശാരീരിക മാനസികാവസ്ഥകളിൽ വല്ലാതെ മാറ്റം വരുത്തുന്ന ഒരു സ്ഥലമാണ് യമദ്വാർ. അല്പ സമയം അവിടെ ചെലവഴിച്ച ശേഷം തിരികെ ഞങ്ങൾ ദർച്ചൻ ബേസ് ക്യാമ്പിലേക്ക് മടങ്ങി.
ജൂലായ് 13 രാവിലെ പരിക്രമണം പൂർത്തിയാക്കി സഹയാത്രികർ തിരികെയെത്തി. പതിനൊന്നു മണിയോടെ തന്നെ മടക്കയാത്ര ആരംഭിച്ചു. അന്ന് രാത്രി സാഗയിൽ താമസം. പിറ്റേ ദിവസം രാവിലെ അഞ്ചുമണിക്കുതന്നെ സാഗയിൽ നിന്നും സ്യാപ്രുബേശിയിലേക്ക് തിരിച്ചു. ചൈന ഇമിഗ്രേഷൻ ഔപചാരികതകൾ എല്ലാം പൂർത്തിയാക്കി വീണ്ടും ഹോട്ടൽ കൈലാസിൽ എത്തി. കനത്ത മൂടൽ മഞ്ഞും മഴയും വഴുക്കൽ നിറഞ്ഞ റോഡും യാത്ര വളരെ ദുഷ്കരമാക്കി. വൈകുന്നേരം അഞ്ചു മണിയോടെ എല്ലാവരും സുരക്ഷിതരായി കാഠ്മണ്ഡുവിലെത്തി.
ജൂലായ് 16 അവസാന ദിവസം ഷോപ്പിംഗിന് വേണ്ടിയായിരുന്നു മാറ്രി വച്ചത്. രാത്രി 12 മണിയോടുകൂടി മടക്കയാത്ര. ഈ ജന്മത്തിൽ ഇനിയൊരു കൈലാസയാത്രയും പരിക്രമണവും സാധ്യമാകുമോ എന്നറിയില്ല, എങ്കിലും ഈ യാത്രയിൽ പ്രാപ്യമായ ദർശനങ്ങൾ എന്നും ആത്മാവിൽ ജ്വലിച്ചു നിൽക്കുന്ന ഓർമ്മകളായിരിക്കും.
(ആർ.സി.സിയിലെ റേഡിയേഷൻ ഫിസിക്സ്
വിഭാഗം ടെക്നിക്കൽ ഓഫീസറാണ് ലേഖിക)