സൂര്യബീജം വീണേതോ
കുന്നിൻപൊത്തിൽ നിന്ന്
പ്രകാശപുത്രിയും വീട്ടുവിളക്കും
ആവാനാകാതെ പൊട്ടിപ്പാഞ്ഞ
ഭ്രൂണവേദനയാകുന്നു പുഴ.
നനവിട്ടു നനവിട്ട് ഒഴുകാൻ
ആവേഗിക്കുമ്പോൾ ,
ഓരോ കുന്നും കൈവിട്ടു
പോയ കുഞ്ഞിനെ തിരികെ-
പ്പിടിക്കുന്ന കിലുങ്ങുന്ന
നിലവിളികളെ തിരയിലയിൽ
പൊതിഞ്ഞു വറ്റുംവരേയ്ക്കും
കരുതി വയ്ക്കുന്നു അവ .....
അമ്മപ്പൊത്തു പിന്നിട്ടോരോ
പൊന്തയും പടലവും
നനച്ചു പൊങ്ങി
പ്രവാഹവ്യാകരണങ്ങൾ നിർമ്മിച്ച്
സ്വയം നാടും നഗരിയും തീണ്ടി
പിന്നിട്ട ഓരോ അലക്കുകല്ലിലും
പതഞ്ഞഴിഞ്ഞഴുക്കുമഷിയിട്ട-
തിദൂരം കുറിക്കും പുഴ ...
പിന്നെയന്നു
ഗർഭത്തിലേ കലങ്ങിയ
അമ്മക്കൊതികളെപ്പോലെ
ചുവന്നും കറുത്തും മുറിഞ്ഞും
പിഞ്ഞിയും കരയിടിഞ്ഞും
കടലെടുത്തു പോകും പുഴ...