koodathayi-murder

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ മുഖ്യപ്രതിയായ ജോളിയുടെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. തന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകി.

അതേസമയം, മൂന്നുതവണ ഷാജുവിന്റെ ഭാര്യ സിലിയെ കൊല്ലാൻ ശ്രമിച്ചതായും ജോളി പറഞ്ഞു. മൂന്നാം തവണ രണ്ടുപ്രാവശ്യമാണ് സയനൈഡ് കൊടുത്തതെന്നും ജോളി വെളിപ്പെടുത്തി. ചെറിയ കുപ്പിയിൽ സയനൈഡ് കൊണ്ടുനടന്നാണ് താൻ കൊലപാതകങ്ങൾ നടത്തിയതെന്നും ജോളി സമ്മതിച്ചു.

കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാൻ ജോളി ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. കല്ലറ തുറന്ന് പരിശോധന നടത്തിയാൽ ആത്മാക്കൾക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബാംഗങ്ങൾക്കിടയിൽ ജോളി പ്രചരിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറൽ എസ്.പി. കെ.ജി സൈമൺ പറഞ്ഞു.

അതേസമയം, കേസിൽ അന്വേഷണം നടത്താൻ എസ്‍.പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം ഇന്നെത്തും. ഫോൻസിക് വിദഗ്‍ദ്ധരും ഡോക്ടർമാരും അടക്കമുള്ള സംഘമാണ് ഇത്. ഇവരുടെ പരിശോധനയ്ക്കും റിപ്പോർട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.