simon

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ആറുപേരെയും കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് മുഖ്യപ്രതി ജോളി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ എസ്.പി കെ.ജി സൈമൺ. പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, പറ്റിപോയെന്നാണ് അവർ ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

അന്വേഷണം ശരിയായ ദിശയിലാണെന്നും,മൂന്ന് പ്രതികൾക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും എസ്.പി വ്യക്തമാക്കി. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. ആർഭാട ജീവിതം നയിക്കാനായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. സ്ഥലം വിറ്റ് കിട്ടിയ പത്ത് ലക്ഷം രൂപയൊക്കെ ചെലവഴിച്ചു'-എസ്.പി പറഞ്ഞു.

അതേസമയം, പൊലീസ് അറിയാത്ത പല കാര്യങ്ങളും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു മാദ്ധ്യമങ്ങളോട് പറയുന്നുണ്ടെന്നും, ഇക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു. അതോടൊപ്പം ഷാജു നിരപരാധിയോ അപരാധിയോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിലെ ജോളിയുടെ പെരുമാറ്റത്തിൽ സംശയമുണ്ടായിരുന്നെന്നും, അവരുടെ ജോലിയെക്കുറിച്ചും മറ്റും കൂടുതൽ അന്വേഷിച്ചപ്പോൾ സംശയം ബലപ്പെട്ടുവെന്ന് എസ്.പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയയാകില്ലെന്ന് നേരത്തെ ജോളി പറഞ്ഞതും,കല്ലറ തുറപ്പിക്കാതിരിക്കാൻ ശ്രമിച്ചതൊക്കെ സംശയത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ആരെങ്കിലും ഒരാൾ ഈ മരണങ്ങളൊക്കെ നടക്കുമ്പോൾ ഉണ്ടായിട്ടുണ്ടോ, ആശുപത്രിയിലെത്തിക്കാൻ താമസമുണ്ടായോ എന്നൊക്കെ അന്വേഷിച്ചുവെന്നും കെ.ജി സൈമൺ കൂട്ടിച്ചേർത്തു.