ravi-shankar-prasad

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല എന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദത്തെ പിന്താങ്ങാൻ വിചിത്ര പ്രസ്താവനയിറക്കി കേന്ദ്ര നീതിന്യായ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. ബോക്സ്ഓഫീസിൽ മൂന്ന് ബോളിവുഡ് ചിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് 120 കോടി നേടിയത് രാജ്യത്തെ സാമ്പത്തിക സ്ഥിതിക്ക് ഒരു കുഴപ്പവുമില്ല എന്നാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ അഭിപ്രായം. രാജ്യം പ്രതിസന്ധിയിലാണെന്ന സാമ്പത്തിക വിദഗ്ദരുടെ വാദങ്ങൾ തെറ്റാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ഉടൻ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'അവധി ദിവസമായിരുന്ന ഒക്ടോബർ 2ന് മൂന്ന് ഹിന്ദി സിനിമകൾ 120 കോടി നേടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമല്ലെങ്കിൽ എങ്ങനെയാണു മൂന്ന് ചിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് ഇത്രയും പണം നേടുന്നത് സാദ്ധ്യമാകുക? ഇലക്ട്രോണിക്സ് വ്യാവസായിക നിർമാണം, ഐ.ടി മേഖല, മുദ്ര ലോൺ, കൊമേഴ്‌സ് സേവനങ്ങൾ എന്നിവ മികച്ച രീതിയിലാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും സർക്കാർ ജോലി നൽകുമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. സർക്കാരിനെതിരെ ചിലർ പ്രവർത്തിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെന്ന് പറഞ്ഞ് അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.' രവി ശങ്കർ പ്രസാദ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള രാജ്യത്തെ സാമ്പത്തിക വളർച്ച ഏറ്റവും താഴ്ന്ന നിലയിലായിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും 45 വർഷത്തിനിടയ്ക്ക് ഇത്രയും താഴെ പോയിട്ടില്ല. ഇന്ത്യയിലെയും ബ്രസീലിലെയും സാമ്പത്തിക പ്രതിസന്ധി വിചാരിച്ചതിനേക്കാൾ രൂക്ഷമാണെന്ന് അടുത്തിടെ അന്താരാഷ്ട്ര നാണയ നിധി മേധാവി പ്രസ്താവന നടത്തിയിരുന്നു. 90 ശതമാനം രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ചാ നിരക്ക് 2019ൽ കുറയുമെന്നും ഐ.എം.എഫ് മേധാവി പറഞ്ഞിരുന്നു.

ഇന്ത്യയെ കുറിച്ചുള്ള ഐ.എം.എഫിന്റെ നിഗമനങ്ങൾ അപൂർണമാണെന്നായിരുന്നു ഇതേക്കുറിച്ചുള്ള രവി ശങ്കർ പ്രസാദിന്റെ മറുപടി. മൻമോഹൻ സർക്കാരിന്റെ കാലത്ത് ഇന്ത്യ സാമ്പത്തിക നിലയിൽ 11ാംസ്ഥാനത്ത് ആയിരുന്നുവെന്നും എന്നാൽ ഇന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നും ഫ്രാൻസിനെ പോലും ഇന്ത്യ ഇക്കാര്യത്തിൽ പിന്തള്ളിയെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു.