arrest

കൊല്ലം: അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. ചെമ്മാമുക്ക് സ്വദേശിനിയായ സാവിത്രിയമ്മയെ(84) കൊലപ്പടുത്തിയ കേസിലാണ് മകൻ സുനിലിനെ അറസ്റ്റ് ചെയ്തത്. സെപ്തംബർ അഞ്ച് മുതൽ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൾ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുപ്രതി എന്ന് സംശയിക്കുന്ന കുട്ടൻ എന്നയാൾ ഒളിവിലാണ്.

സഹോദരി പരാതി നൽകിയതിന് തൊട്ടുപിന്നാലെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് സുനിൽ പരാതി നൽകിയിരുന്നു. അമ്മ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും, ദിവസങ്ങൾക്ക് ശേഷം തിരിച്ച് വരാറാണ് പതിവെന്നും എന്നാൽ ഇത്തവണ വരാൻ വൈകുന്നുവെന്ന് കാണിച്ചായിരുന്നു സുനിൽ പരാതി നൽകിയത്.

സംശയം തോന്നിയ പൊലീസ് സുനിലിനെ വീട്ടിൽ കൊണ്ടുപോയി പരിശോധന നടത്തിയപ്പോഴാണ് സാവിത്രിയമ്മയെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടത്. സ്ഥിരം മദ്യപാനിയായ ഇയാൾ സ്വത്തിനായി സാവിത്രിയമ്മയെ മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറയുന്നു.