മുംബയ്: സാമൂഹിക വിഷയങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്നവ, സിനിമാ പ്രവർത്തകർ വസ്തുതാപരമായി തന്നെ അവതരിപ്പിക്കേണ്ടതാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്കർ. ഒരു വിഭാഗത്തിന് എന്തെങ്കിലും കഷ്ടതകൾ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിശേഷാധികാരങ്ങൾ ഉള്ളവർ അവർക്ക് നേരെ മുഖം തിരിക്കുകയല്ല വേണ്ടതെന്നും സ്വര പറഞ്ഞു. ബോളിവുഡ് മുഖ്യധാരാ സിനിമാ പ്രവർത്തകരെ ചൂണ്ടിക്കാട്ടിയായിരുന്നു സ്വര ഭാസ്കറിന്റെ പ്രസ്താവന.
'സമൂഹത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ബോളിവുഡിൽ ഉള്ളവരും മറ്റ് സിനിമ മേഖലകളിൽ ഉള്ളവരും അൽപ്പം കൂടി സഹൃദയത്വവും ഉത്തരവാദിത്തവും പുലർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മെ ബാധിക്കാത്ത വിഷയങ്ങളിലും ഈ ജാഗ്രത പുലർത്തേണ്ടതുണ്ട്. അവർക്കുണ്ടായ ഒരു ദുരിതം നമ്മെ ബാധിച്ചിട്ടില്ലെന്ന് കരുതി അതിൽ സത്യമില്ലെന്ന് കരുതാൻ പാടില്ല. അത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. നമ്മൾ എളുപ്പത്തിൽ മറന്നുപോകാൻ സാദ്ധ്യതയുള്ള ഒന്ന്.' ഇന്ത്യ ഫിലിം പ്രോജക്ട് പരിപാടിയിൽ 'ഷീർ കോർമ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു നടി. രണ്ട് മുസ്ലിം സ്ത്രീകളുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഫാറാസ് ആരിഫ് അൻസാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യ ദത്തയും ശബാന ആസ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
'നമ്മൾ പലപ്പോഴും ഒരുപാട് വിശേഷാധികാരങ്ങളുടെ ഇടയിലാണ് ജീവിക്കുക. അതുകൊണ്ടുതന്നെ മറ്റൊരാൾക്ക് സംഭവിക്കുന്ന ഒരു പ്രശ്നം നമ്മൾ തിരിച്ചറിയാതെ പോകുന്നു. നമ്മൾക്ക് അക്കാര്യം സംഭവിക്കാത്തതിനാൽ അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കാനാണ് നമ്മുക്ക് ഇഷ്ടം. ആൾസഞ്ചാരമില്ലാത്ത ഒരു തെരുവിൽ വച്ച് ഒരു ബൈക്ക് ഒരു പെൺകുട്ടിയെ കടന്ന് പോകുമ്പോൾ, അവൾ അതിൽ ഭയപ്പെടുമ്പോൾ, ആ അവസ്ഥ മനസിലാക്കാനാണ് നമ്മൾ പഠിക്കേണ്ടത്. പക്ഷെ, ചിലപ്പോൾ നിങ്ങൾ ഒരു സ്ത്രീ അല്ലാത്തതിനാൽ നിങ്ങൾക്ക് അത് മനസിലായെന്ന് വരില്ല.' സ്വര പറയുന്നു.
'രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് ഒരു ന്യൂനപക്ഷ വിഭാഗം പറയുമ്പോൾ നിങ്ങൾ അതിന് ചെവികൊടുക്കണം. നിങ്ങൾ ആ വിഭാഗത്തിൽ നിന്നും വരുന്ന ആളല്ല എന്ന കാരണം കൊണ്ട് അതിനോട് മുഖം തിരിക്കാൻ പാടില്ല. ഒരു ദളിത് വിഭാഗത്തിൽ പെട്ടയാൾ ആൾക്കൂട്ടാക്രമണത്തിൽ താൻ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നുവെന്ന് പറയുമ്പോൾ അയാൾ പറയുന്നതിന് ശ്രദ്ധ നൽകുകയാണ് വേണ്ടത്. നിങ്ങൾക്ക് അങ്ങനെയൊന്ന് സംഭവിച്ചില്ല എന്നുകൊണ്ട് മറ്റൊരാൾക്ക് അത് സംഭവിക്കില്ല എന്ന് കരുതരുത്. സ്വവർഗ്ഗപ്രണയികൾ 'ഞങ്ങളോട് വിവേചനം കാണിക്കുന്നു' എന്ന് പറയുമ്പോൾ അതും നിങ്ങൾ കേൾക്കാൻ തയാറാകണം.' സ്വര പറയുന്നു.
നശീകരണ സ്വഭാവമുള്ള ഹിംസാത്മകതയോട് വിധേയപ്പെടുന്ന മനോഭാവമാണ് ഇപ്പോഴുള്ളതെന്നും സിനിമാ മേഖലയിലുള്ളവർ ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്നും ആരോഗ്യപരമായ ഒരു അന്തരീക്ഷത്തെ ഉണ്ടാക്കിയെടുക്കണമെന്നും മുൻ നാവിക ഉദ്യോഗസ്ഥൻ കോമോഡോർ ചിത്രപു ഉദയ് ഭാസ്കറിന്റെ മകൾ കൂടിയായ സ്വര ഭാസ്കർ പറഞ്ഞു.