pinarayi-vijayan

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടിയായി തർക്കുത്തരങ്ങളാണ് ലഭിക്കുന്നതെന്ന്‌ പരാതി. വിവരാവകാശ പ്രവർത്തകനായ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വ്യക്തമായ ഉത്തരങ്ങൾ ലഭിക്കാതിരുന്നത്. ഗോവിന്ദൻ ചോദിച്ച 26 ചോദ്യങ്ങളിൽ ഒന്നിന് മാത്രമാണ് പകുതിയെങ്കിലും ഉത്തരം ലഭിച്ചത്. ചോദ്യങ്ങളിൽ ഭൂരിഭാഗത്തിനുമുള്ള ഉത്തരം മറ്റ് വകുപ്പുകളിൽ നിന്നും മനസിലാക്കണമെന്നും മറുപടി ലഭിച്ചു.

മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, അതിനുണ്ടായ ചിലവെത്ര, അതിൽ നിന്നും നേട്ടങ്ങൾ എന്തൊക്കെ ഉണ്ടായി എന്നുള്ള ചോദ്യത്തിന് ഉത്തരം ഇവിടെ ലഭ്യമല്ലെന്ന് കാണിച്ച് ചോദ്യം പൊതുഭരണ വകുപ്പിന് കൈമാറുകയായിരുന്നു. എന്നാൽ പൊതുഭരണ വകുപ്പും തങ്ങൾക്ക് ഇക്കാര്യത്തെ കുറിച്ച് അറിയില്ല എന്നുപറഞ്ഞ് ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് എത്ര രൂപയാണ് ചിലവെന്നും, അതിനായി എത്ര ജീവനക്കാരെ നിയോഗിച്ചു എന്നുമുള്ള ചോദ്യങ്ങൾക്ക്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനോട് ചോദിക്കണം എന്നതായിരുന്നു ഉത്തരം. 'നാം മുന്നോട്ട്' എന്ന പരിപാടിയ്ക്കായി എത്ര രൂപ ചിലവാക്കി എന്ന ചോദ്യത്തിനും ഇത് തന്നെയായിരുന്നു ഉത്തരം. ഇതേ രീതിയിൽ, മിക്ക ചോദ്യങ്ങൾക്കും ഉദാസീനമായ മറുപടിയാണ് ലഭിച്ചത്.

വി.എസ് അദ്ധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന് എത്ര റിപ്പോർട്ടുകൾ ലഭിച്ചുവെന്നും, അതിൽ എന്തൊക്കെ നടപടിയെടുത്തു എന്നുമുള്ള ചോദ്യത്തിന് കമ്മീഷനിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസറോട് ചോദിക്കണമെന്നാണ് മറുപടി ലഭിച്ചത്. ഡി.ജി.പിയെ പദവിയിൽ നിന്നും നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചപ്പോൾ അത് വിശദീകരണം ചോദിക്കുന്നതിന് തുല്യമാണെന്നും അത് വിവരാവകാശത്തിന്റെ പരിധിക്ക് പുറത്താണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ മറുപടി നൽകി. വിവരാവകാശ നിയമം അനുസരിച്ച്, മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചോദ്യങ്ങൾ അവിടെ നിന്നും അത് ലഭ്യമല്ലെങ്കിൽ അത് ലഭിക്കുന്ന ഓഫീസിനു കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കുകയാണ് വേണ്ടത്.