ഡിഗ്രി, ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്സ്?പല കൺസൾട്ടന്റുകളും ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, പി.എച്ച്.ഡി കോഴ്സുകൾക്ക് പകരം ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യാൻ ഉപദേശിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് പലപ്പോഴും ഹ്രസ്വകാല കോഴ്സുകളായിരിക്കും (ആറുമാസം മുതൽ ഒരു വർഷം വരെ). ഒരു ഡിഗ്രി യോഗ്യത കരസ്ഥമാക്കുന്നതാണ് സർട്ടിഫിക്കറ്റിനെക്കാളും ഡിപ്ലോമയെക്കാളും നല്ലത്. ഒന്നാമതായി, ആഗോളതലത്തിൽ തൊഴിലിനോ തുടർവിദ്യാഭ്യാസത്തിനോ പലപ്പോഴും സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകൾ അംഗീകരിക്കപ്പെടുന്നില്ല. രണ്ടാമതായി, വിദേശത്ത് ഡിപ്ലോമ കോഴ്സിന്റെ ദൈർഘ്യം കുറവായതിനാൽ കരിയർ കരുപ്പിടിപ്പിക്കുന്നതിന് ആവശ്യമായ ഭാഷ പഠിക്കാനോ നെറ്റ്വർക്കുകൾ വികസിപ്പിക്കാനോ ഇത് വളരെ അപര്യാപ്തമാണ്.
എത്ര ചെലവ് പ്രതീക്ഷിക്കാം?
ഇത് നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജ്യം, സർവകലാശാല, കോഴ്സ്, കോഴ്സ് ദൈർഘ്യം എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു.
രണ്ട് വർഷത്തേക്ക് ഹാർവാഡിലെ ഒരു എം.ബി.എ കോഴ്സിന് ഒരു ലക്ഷം ഡോളറിൽ കൂടുതൽ ചെലവ് വരാം, അതേസമയം അമേരിക്കയിലെ തന്നെ ഒരു കമ്മ്യൂണിറ്റി കോളേജിലെ എം.ബി.എ പഠനത്തിന് ഇരുപതിനായിരം ഡോളറിൽ താഴെ മാത്രമേ ചെലവ് വരൂ. യു.എസിലെ ഒരു പ്രശസ്ത സർവകലാശാലയുടെ എം.ബി.എ ദുബായിലോ മലേഷ്യയിലോ അവരുടെ ഓഫ്ഷോർ കാമ്പസിൽ നാലിലൊന്ന് ഫീസിൽ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞേക്കും. ജർമ്മനി, നോർഡിക് രാജ്യങ്ങൾ തുടങ്ങിയ ചില രാജ്യങ്ങളിലെ സർവകലാശാലകൾ വളരെ ചെറിയ നിരക്ക് മാത്രം ഈടാക്കുകയോ ഫീസ് വാങ്ങാതിരിക്കുകയോ ചെയ്യാം.ഫീസ് കൂടാതെ ഓരോ രാജ്യങ്ങളിലെയും ജീവിതച്ചെലവും വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി, ഒരു രാജ്യത്തിന്റെ ജീവിതച്ചെലവ് അവിടത്തെ ആളോഹരി വരുമാനത്തിന്റെ ആനുപാതികമാണ്. അതിനാൽ, ജർമ്മനിയിലെ ഫീസ് ഹംഗറിയെക്കാൾ വളരെ കുറവായിരിക്കാമെങ്കിലും, ജർമ്മനിയിലെ ജീവിതച്ചെലവ് വളരെ കൂടുതലായിരിക്കാം. ഈ വിവരങ്ങൾ എല്ലായിപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷിക്കാൻ എന്തൊക്കെ?
സാധാരണയായി വിദേശത്ത് വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് നാല് വ്യത്യസ്ത കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമതായി, യോഗ്യതാ പരീക്ഷയ്ക്കായി നിങ്ങൾ നേടിയ മാർക്ക് (ഇവയെ ട്രാൻസ്ക്രിപ്ടുകൾ എന്ന് വിളിക്കുന്നു). രണ്ടാമതായി, നിങ്ങൾ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഒരു കത്ത് (സ്റ്റേറ്റുമെന്റ് ഒഫ് പർപ്പസ് ). മൂന്നാമതായി, ഒരു സ്റ്റാൻഡേർഡ് ടെസ്റ്റ് നടത്തി നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. ഇംഗ്ലീഷിനെ സംബന്ധിച്ചിടത്തോളം സാദ്ധ്യമായ രണ്ട് ടെസ്റ്റുകളുണ്ട്, (1) ടെസ്റ്റ് ഒഫ് ഇംഗ്ലീഷ് ഫോറിൻ ലാംഗ്വേജ് (TOEFL), (2) ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സർവീസ് (IELTS). ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ ജർമൻ, ഫ്രഞ്ച് ഭാഷകളുടെ അടിസ്ഥാന തലം അറിഞ്ഞിരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സ്കോളാസ്റ്റിക് ആപ്ടിറ്റ്യൂഡ് (SAT) അല്ലെങ്കിൽ ഗ്രാജുവേറ്റ് റെക്കോർഡ് എക്സാമിനേഷൻ (GRE )പോലെ അഭിരുചി പരിശോധിക്കാൻ പല യൂണിവേഴ്സിറ്റികളും ആവശ്യപ്പെടുന്നുണ്ട്. അമേരിക്കൻ സർവകലാശാലകൾ എല്ലായ്പ്പോഴും എം.ബി.എ പ്രവേശനത്തിനായി ഗ്രാജുവേറ്റ് മാനേജ്മെന്റ് ആപ്ടിറ്റ്യൂഡ് ടെസ്റ്റ് (GMAT) ആവശ്യപ്പെടുന്നു. വിദേശത്ത് മെഡിസിൻ പഠിച്ച് തിരികെ ഇന്ത്യയിൽ വന്ന് രജിസ്റ്റർ ചെയ്യണമെങ്കിൽ ഇന്ത്യയിലെ മെഡിക്കൽ അഡ്മിഷൻ ടെസ്റ്റ് (NEET) ഇപ്പോൾ നിർബന്ധമാക്കി എന്ന് കേട്ടു. ഇതൊക്കെ അന്വേഷിച്ചു കണ്ടുപിടിക്കുകയാണ് ആദ്യത്തെ കടമ്പ.
മക്കളോ മാതാപിതാക്കളോ?
സഹപാഠികളും അയൽക്കാരും വിദേശ വിദ്യാഭ്യാസത്തിന് പോകുന്നത് കണ്ട് കുട്ടികൾ മാതാപിതാക്കളെ നിർബന്ധിക്കുന്ന സാഹചര്യം കേരളത്തിലുണ്ട്. മക്കളുടെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കൾ തെറ്റായ തീരുമാനമെടുക്കുന്നുമുണ്ട്. ഇത് ഒഴിവാക്കണം. വിദേശപഠനത്തെക്കുറിച്ച് മാതാപിതാക്കളും ആവശ്യമായ ഗവേഷണം നടത്തണം.വിദേശ വിദ്യഭ്യാസത്തെക്കുറിച്ച് വേണ്ടത്ര വിവരങ്ങളെല്ലാം ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമാണ്. മുകളിൽപ്പറഞ്ഞ മാർഗരേഖകൾ അനുസരിച്ച് ചിന്തിച്ചാൽ നിങ്ങൾക്ക് ശരിയായ തീരുമാനത്തിലെത്താം. എന്നാൽ വിദേശപഠനം വലിയ ഒരു നിക്ഷേപവും തീരുമാനവും ആയതിനാൽ കൂടുതൽ അറിവുള്ളവരുടെ നിർദേശങ്ങൾ പരിഗണിക്കണമെന്നത് ന്യായമാണ്. അതിന് മുൻപ് അത്യാവശ്യം കാര്യങ്ങൾ നിങ്ങൾ സ്വയം അന്വേഷിക്കുകയും നിങ്ങൾക്ക് മാത്രം ഉത്തരം പറയാൻ പറ്റുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തുകയും ചെയ്താൽ പണി ഏറെ എളുപ്പമായി.
(അവസാനിച്ചു)