t-k-rajeev-kumar

സിനിമതന്നെ ജീവിതമാക്കിയ ചിലരുണ്ട്. ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് സിനിമയ്ക്കായി ജീവിതം തന്നെ മാറ്റിവച്ചവർ. സിനിമയെവെല്ലുന്ന ജീവിതമുള്ളവർ. അവരിലൊരാളാണ് സംവിധായകൻ ടി.കെ രാജീവ് കുമാർ. ചാണക്യൻ, പവിത്രം, കണ്ണെഴുതിപൊട്ടും തൊട്ട്, ശേഷം, ജലമർമ്മരം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പാതിവഴിയിൽ വീണുപോയ അദ്ദേഹത്തെ തിരികെ ഫ്രെയിമുകളോട് ചേർത്തുവച്ചത്. ലഭിച്ച ജോലി വരെ മാറ്റിവച്ച് സിനിമയിലേക്ക് ഇറങ്ങിവന്ന അതേ തന്റേടത്തോടെത്തന്നെയാണ് മരണത്തിന് മുന്നിൽനിന്നും സിനിമയിലേക്ക് അദ്ദേഹം തിരിച്ചെത്തിയത്.

കഴിഞ്ഞ എട്ടര വർഷത്തിനു ശേഷമാണ് അദ്ദേഹം പുതിയ സിനിമയുമായെത്തുന്നത്. അപൂർവ്വമായൊരു അസുഖവുമായുള്ള ജീവൻമരണ പോരാട്ടത്തിലായിരുന്നു. വിദേശയാത്രയ്ക്കിടെ തീർത്തും നിസാരമെന്നു തോന്നുന്ന ഒരു പ്രാണിയിൽ നിന്നേറ്റ ആക്രമണം, പിന്നീട് ജീവിതത്തിനു തന്നെ ഭീഷണിയായി. ഇന്ത്യയിൽ അധികം കേട്ടുകേൾവി പോലുമില്ലാത്ത ‘ലൈം ഡിസീസ്’ (Lyme Disease) എന്ന അസുഖമായി മാറി. സിനിമാ രംഗത്തു നിന്നും മാറി നിന്ന ആ രോഗത്തോടുള്ള പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രാജീവ് കുമാർ. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗത്തിനിടെ തലയിലെ മുടി വരെ കൊഴിഞ്ഞു പോകുന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിന്. ഇതിനിടെയായിരുന്നു അവതാരകയുടെ ചോദ്യം ചേട്ടന്റെ മുടി വിഗ്ഗാണോ എന്ന്. ചോദ്യത്തിന് രാജീവ് കുമാറിന്റെ മറുപടി ഇങ്ങനെ.

"ഒരിക്കലുമല്ല. മുമ്പ് മൊട്ടത്തലയായിരുന്നു. ‘ലൈം ഡിസീസി’ന്റെ ഭാഗമായിരുന്നു ആ സമയത്ത് മുടി കൊഴിച്ചിൽ. എട്ടര വർഷം രോഗത്തോട് പൊരുതി. ആന്റി ബയോട്ടിക്കുകളുടെ അതിപ്രസരംകൊണ്ട് മുടി കൊഴിഞ്ഞുപോയതായിരുന്നു. പഴയതിനേക്കാൾ ഇപ്പോൾ വളരെ തിക്കായിട്ടാണ് വളർന്നത്.

ആ സമയത്ത് ഒരു ദിവസം രാവിലെ മുഖം കഴുകിയപ്പോൾ താടി കയ്യിലേക്ക് ഉതിർന്നുവീണു. മുടിയും അതുപോലെ ഊരിപ്പോകുന്ന അവസ്ഥയായിരുന്നു. മുടിയും താടിയും പോയപ്പോൾ ഞാനല്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. എന്നാൽ,​ എന്നെ സംബന്ധിച്ച് ഇത്തരം കാര്യങ്ങൾ ബാധിക്കാറുണ്ടായിരുന്നില്ല. അത് രോഗത്തിന്റെ ഭാഗമാണ്. ആൾക്കാർ എനിക്ക് കാൻസറാണെന്നൊക്കെ തെറ്റിദ്ധരിച്ചു. കീമോതെറാപ്പിയൊക്കെ ചെയ്താണ് മുടി പോയതെന്നാണ് അവർ കരുതിയത്. പക്ഷെ ഞാൻ ഇതുകൊണ്ടൊന്നും പബ്ലിക്കിന്റെ ഇടയിൽ നിന്നും മാറി നിന്നിട്ടേയില്ല. ട്രീറ്റ്മെന്റ് കഴിഞ്ഞ ശേഷം മുടി പെട്ടെന്നുതന്നെ വളർന്നു. ഓട്ടോമറ്റിക്കായാണ് മുടി വന്നത്. ഒരു ട്രീറ്റ്മെന്റും നൽകിയിട്ടില്ല. അതൊരു മാജിക്കായി കരുതുന്നു"-അദ്ദേഹം പറഞ്ഞു.