ന്യൂഡൽഹി: കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദര പുത്രിയായ ദമയന്തി ബെൻ മോദിയുടെ പേഴ്‌സും മൊബൈലും കവർച്ചാ സംഘം തട്ടിയെടുത്തത്. ഡൽഹിയിലെ സിവിൽ ലൈനിലുള്ള സമാജ് ഭവനിലേക്ക് ഓട്ടോയിൽ വന്നിറങ്ങുമ്പോൾ, കെട്ടിടത്തിന്റെ ഗേറ്റിന് മുൻപിൽ വച്ച് ബൈക്കിലെത്തിയ കവർച്ചക്കാർ ദമയന്തിയുടെ 56,000 രൂപ അടങ്ങുന്ന പേഴ്‌സും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയായിരുന്നു. ആധാർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ നഷ്ടമായി.
ഈ വാർത്ത പുറത്ത് വന്നതോടെ എല്ലാവർക്കും അറിയേണ്ട ഒരു കാര്യം ഇത് മോദി അറിഞ്ഞിരുന്നോ എന്നായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദമയന്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ കോൾ പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദമയന്തി പറയുന്നു. ഒരുപക്ഷേ അദ്ദേഹം ഇക്കാര്യം അറിഞ്ഞ് കാണില്ലെന്നും,താൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ വിളിച്ചറിയിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
'പഞ്ചാബിലെ അമൃത്സറിൽ നിന്നും ഡൽഹിയിലെത്തിയ ദമയന്തി അവിടെയുള്ള ഗുജറാത്തി സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തിരുന്നു. രാവിലെ 7 മണിയോടെ സമാജ് ഭവനിന്റെ ഗേറ്റിന് പുറത്ത് ഓട്ടോറിക്ഷ നിർത്തി. പെട്ടെന്ന്, സ്കൂട്ടറിൽ രണ്ടുപേർ ഓട്ടോറിക്ഷയുടെ അടുത്തേക്ക് വന്നു. ദമയന്തിയുടെ മടിയിലുണ്ടായിരുന്ന ഹാൻഡ്‌ബാഗ് തട്ടിയെടുക്കുകയായിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ 379, 365 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംശയം തോന്നിയവരെ കണ്ടെത്തി പിടികൂടാനും മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുക്കാനും നിരവധി ടീമുകൾ രൂപീകരിച്ചിട്ടുണ്ട്'- ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മോണിക്കർ ഭരദ്വാജ് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് ദമയന്തി പറഞ്ഞിട്ടില്ലെന്നും ഭരദ്വാജ് വ്യക്തമാക്കി.റെയിൽവേ സ്റ്റേഷനിൽ നിന്നും സിവിൽ ലൈൻ വരെ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ തങ്ങൾ പരിശോധിച്ച് വരികയാണെന്നും അധികം താമസിയാതെ തന്നെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഭരദ്വാജ് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെയും ഡൽഹി ഗവർണറുടെയും വസതികൾക്ക് അടുത്തായാണ് ഗുജറാത്തി സമാജ് ഭവൻ സ്ഥിതി ചെയ്യുന്നത്. മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദിയുടെ മകളാണ് ദമയന്തി.