ബംഗളുരു: മഹാബലിപുരത്തെ കടലോരത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഇന്നലെ തൊട്ടാണ് വൈറലായത്. ഇറങ്ങി ഒരു ദിവസം കഴിഞ്ഞിട്ടും മോദിയുടെ ഈ വീഡിയോക്കെതിരെ പരക്കെ പരിഹാസവും ട്രോളുകളും പുറത്തുവന്നിരുന്നു. ഒടുവിലായി നടൻ പ്രകാശ് രാജാണ് മോദിക്കെതിരെ പരിഹാസ ശരമയച്ചിരിക്കുന്നത്. മോദിയുടെ ഈ ശുചീകരണ പ്രവർത്തി ജനങ്ങൾക്ക് മുൻപിലുള്ള കെട്ടുകാഴ്ച മാത്രമാണെന്ന അർത്ഥത്തോടെയാണ് പ്രകാശ് രാജിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസം.
'എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? കടൽത്തീരം വൃത്തിയാക്കാൻ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? ഒരു വിദേശ പ്രതിനിധി സംഘം ഇവിടെ വരുമ്പോൾ ബന്ധപ്പെട്ട അധികാരികൾക്ക് ഈ സ്ഥലം വൃത്തിയാക്കാതിരിക്കാന്‍ എങ്ങനെ ധൈര്യം വന്നു?' എന്നിങ്ങനെ പോകുന്നു പ്രകാശ് രാജിന്റെ പരിഹാസം. പ്രകാശ് രാജിന്റെ ഈ പരാമർശത്തിനോട് പ്രതികരിച്ച് നിരവധി പേർ ട്വിറ്ററിൽ ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Where is our LEADERs security.. Why have you left him alone to clean with a CAMERAMAN following .. HOW dare the concerned departments have not cleaned the vicinity when a Foreign delegation is here .. ..#justasking pic.twitter.com/8rirZdzWXf
— Prakash Raj (@prakashraaj) October 12, 2019
ഇന്നലെ രാവിലെ പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ ഒരു കടലോരത്ത് നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കുന്ന വീഡിയോ മോദി അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കടലോരത്ത് കിടക്കുന്ന മാലിന്യങ്ങൽ പെറുക്കി ഒരു പ്ലാസ്റ്റിക് കവറിൽ ഇടുകയും അതിനുശേഷം ഹോട്ടൽജീവനക്കാരനായ ജയരാജിന് കൈമാറുകയും ചെയ്യുന്നുണ്ട്.