shahida-kamal

കൊച്ചി: വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സംസ്ഥാന സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം. വനിതാ കമ്മിഷൻ അംഗമായി തുടരാൻ ഷാഹിദയ്ക്ക് യോഗ്യതയില്ലെന്ന് കാണിച്ച് വിജിലൻസിന് പരാതി ലഭിച്ചു.


2009ലും 2011ലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിലും,​ വനിതാ കമ്മിഷൻ അംഗമാകാൻ നൽകിയ അപേക്ഷയിലും ബികോം ആണ് വിദ്യാഭ്യാസ യോഗ്യതയായി രേഖപ്പെടുത്തിയിരുന്നത്. 1987​-​90 കാലഘട്ടത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നിന്നാണ് ബിരുദം നേടിയതെന്നായിരുന്നു ഷാഹിദ കമാൽ നൽകിയിരുന്നത്. എന്നാൽ ഈ കാലയളവിൽ ഷാഹിദ ബിരുദം പാസായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കേരള സർവകലാശാലയുടെ രേഖകൾ വ്യക്തമാക്കുന്നു.

അതേസമയം,​ താൻ സംസ്ഥാന സർക്കാരിനെയോ തിരഞ്ഞെടുപ്പ് കമ്മിഷനെയോ വഞ്ചിച്ചിട്ടില്ലെന്നാണ് ഷാഹിദ കമാൽ പറയുന്നത്. ബികോം പൂർത്തിയാക്കിയെന്ന് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത് എന്നാണ് ഷാഹിദയുടെ വാദം. ബികോം പാസായിരുന്നില്ലെങ്കിൽ കോഴ്സ് തുടരുകയാണെന്ന് കൃത്യമായി എഴുതണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം.