ടോക്കിയോ: മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹാഗിബിസ് ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ജപ്പാൻ. കഴിഞ്ഞ 60 വർഷത്തിനിടെ ജപ്പാനിൽ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. ഇത് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് 26 പേർ മരിച്ചു.15 പേരെ കാണാതായി. നൂറിലധികംപേർക്ക് പരിക്കേറ്റു.
ആയിരക്കണക്കിനാളുകൾ ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറി. ടോക്കിയോയിലും ജപ്പാനിലെ മദ്ധ്യ, കിഴക്കൻ, വടക്ക് കിഴക്കൻ പ്രദേശങ്ങളിലുമാണ് കൂടുതൽ നാശനഷ്ടം. ഇന്നലെ രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മിക്ക പ്രദേശങ്ങളും പ്രളയ ഭീഷണിയിലാണ്.
ടോക്കിയോയുടെ തെക്കുപടിഞ്ഞാറ് ഇസു പെനിൻസുലയിൽ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. ഏതാണ്ട് അരലക്ഷം വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഫുജി പർവതത്തിനടുത്തുള്ള ഹാക്കോൺ പട്ടണത്തിൽ 1 മീറ്ററിൽ (3 അടി) കൂടുതൽ മഴ പെയ്തു. ജപ്പാനിൽ ഇതുവരെ 48 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്. ജപ്പാനിലെ പല ഭാഗങ്ങളിലായി ഇതുവരെ 48 തവണ ഉരുൾപൊട്ടുകയും ഒമ്പത് നദികൾ കരകവിഞ്ഞ് ഒഴുകുകയും ചെയ്തു. ചിലർ മണ്ണിടിച്ചിലിലും ബാക്കിയുള്ളവർ കാറുകൾക്കുള്ളിൽപ്പെട്ടുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
ഹോൻഷു ദ്വീപിൽ നിന്ന് ആറ് ദശലക്ഷത്തോളം വരുന്ന പ്രദേശവാസികളോട് ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശിച്ചു. നിരവധി ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലേക്കും ചിബയിലെ നരിറ്റ വിമാനത്താവളത്തിലേക്കും ഉള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കി. എന്നാൽ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ, പിന്നീട് ട്രെയിൻ സർവീസുകൾ പലതും പുനരാരംഭിച്ചിരുന്നു. വിമാന സർവീസ് ഇന്ന് പുനരാരംഭിക്കാൻ സാധിക്കുമെന്ന് കരുതുന്നതായി എയർപോർട്ട് വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നേതൃത്വത്തിൽ സർക്കാർ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 27,000 പ്രതിരോധ സേനാംഗങ്ങൾ 1,10,000 പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമനസേനാംഗങ്ങൾ, കോസ്റ്റ്ഗാർഡുകൾ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു. ജപ്പാനിൽ നടത്താനിരുന്ന റഗ്ബി വേൾഡ് കപ്പ് മത്സരങ്ങൾ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
'വേഗത' എന്നാണ് ഹാഗിബിസ് എന്ന വാക്കിന്റെ അർത്ഥം. 1958ൽ ടോക്കിയോയിൽ വീശിയടിച്ച കനോഗവ ചുഴലിക്കാറ്റിനെക്കാൾ വേഗതയേറിയ കാറ്റാണ് ഹാഗിബിസ് എങ്കിലും നാശനഷ്ടങ്ങൾ കുറവാണ്. കനോഗവയെ തുടർന്ന് 1200 പേർ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.