ചിലന്തികൾക്ക് മാരക മയക്കുമരുന്നായ എൽ.എസ്.ഡിയും കഞ്ചാവും കഫീനും നൽകിയാൽ എന്താണ് സംഭവിക്കുക? 1995ൽ ഇത്തരത്തിലൊരു പരീക്ഷണമാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നടത്തിയത്. ചിലന്തികളുടെ വല നെയ്യുന്നതും മറ്റുമായ സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് നാസ ഈ പരീക്ഷണം നടത്തുന്നത്. ഇത്തരം മയക്കുമരുന്നുകൾ നൽകിയപ്പോൾ വല നെയ്യുന്ന രീതിയിൽ ചിലന്തികൾ വരുത്തിയ മാറ്റങ്ങളാണ് നാസയിലെ ശാസ്ത്രജ്ഞർ പഠനവിധേയമാക്കിയത്. ഡ്രഗ്സ് നൽകി കഴിഞ്ഞ ശേഷം വല നെയ്ത ചിലന്തികൾ പക്ഷെ അതിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. അടുത്തിടെയാണ് ഇതിന്റെ വിവരങ്ങൾ നാസ പുറത്തുവിട്ടത്.
സാധാരണ, ക്രമാനുഗതമായും ഒരു പാറ്റേൺ പിന്തുടർന്നും വല നെയ്യുന്ന ചിലന്തികൾ മയക്കുമരുന്നു കഴിച്ച ശേഷം അതിന്റെ ഘടനയെ കുറിച്ച് കാര്യമായി ചിന്തിച്ചില്ല. പല രീതിയിലാണ് ഒരേ ജീവധാരയിൽ പെട്ട ചിലന്തികൾ വല നെയ്തത്. മാത്രമല്ല, വളരെ ഊർജം ചിലവാക്കി തന്നെ വല നെയ്ത ഇവയിൽ ഭൂരിഭാഗവും പകുതിക്കോ ഇടയ്‌ക്കോ വച്ച് വല നെയ്യുന്നത് നിർത്തുകയും ചെയ്തു. സാധാരണ ഗതിയിൽ ചിലന്തികൾ വല നെയ്ത് തുടങ്ങിയാൽ അത് പൂർത്തിയാക്കിയ ശേഷം മാത്രമേ വിശ്രമിക്കാറുള്ളൂ.
ചിലന്തികളിലെ ഈ പരീക്ഷണം ശാസ്ത്രജ്ഞന്മാർ 1948 മുതൽ തന്നെ ആരംഭിച്ചിരുന്നു. എച്ച്.എം പീറ്റേഴ്‌സ് എന്ന ശാസ്ത്രജ്ഞനാണ് അക്കാലത്ത് ഈ പരീക്ഷണത്തിന് തുടക്കമിട്ടത്. പല രാത്രികളിലും ഉറക്കമൊഴിച്ചിരുന്ന് അദ്ദേഹം മയക്കുമരുന്ന് നൽകിയ ചിലന്തികളിൽ പരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ചിലന്തികൾ സാധാരണ പിന്തുടരുന്ന സമയക്രമം തെറ്റിച്ച് വ്യത്യസ്ത സമയങ്ങളിൽ അവയെ കൊണ്ട് വല നെയ്യിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. അന്ന് ആധുനിക രീതികൾ ഇക്കാര്യത്തിന് ഉപയോഗപ്പെടുത്തിയിരുന്നില്ലെങ്കിൽ 1995ൽ കംപ്യൂട്ടറുകൾ ഉപയോഗിച്ചായിരുന്നു ശാസ്ത്രജ്ഞന്മാർ ചിലന്തികൾ പരീക്ഷിച്ചത്.