വാഷിംഗ്‌ടൺ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും അതിവേഗം വളരുകയാണെന്നും നിലവിലെ മാന്ദ്യത്തിന്റെ പശ്‌ചാത്തലത്തിലും ഒട്ടേറെ രാജ്യങ്ങളേക്കാൾ മുന്നിലാണ് ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്കെന്നും ലോകബാങ്ക് അഭിപ്രായപ്പെട്ടു. 2019ൽ ഇന്ത്യ ആറു ശതമാനം ജി.ഡി.പി വളർച്ച നേടും. 2017-18ൽ 7.2 ശതമാനവും കഴിഞ്ഞവർഷം 6.8 ശതമാനവുമായിരുന്നു ഇന്ത്യയുടെ വളർച്ച.
കൂടുതൽ വളർച്ചാനിരക്കാനാകും വിധം ശക്തമാണ് ഇപ്പോഴും ഇന്ത്യ. 2021ൽ 6.9 ശതമാനത്തിലേക്കും 2022ൽ 7.2 ശതമാനത്തിലേക്കും വളർച്ച മെച്ചപ്പെടും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിപ്പോൾ നേരിടുന്ന തളർച്ചയെന്ന് ലോകബാങ്കിന്റെ ദക്ഷിണേഷ്യാ വിഭാഗം ചീഫ് എക്കണോമിസ്‌റ്റ് ഹാൻസ് ടിമ്മർ പറഞ്ഞു. തളർച്ച ശക്തവുമാണ്. നിക്ഷേപവും ഉപഭോക്തൃ വാങ്ങൽശേഷിയും കുറഞ്ഞു. 2012ലെ തളർച്ചയെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥിതി ഇപ്പോൾ ഭേദമാണ്.
ദക്ഷിണേഷ്യയിൽ പാകിസ്‌ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവയും തളർച്ചയുടെ ട്രാക്കിലാണ്. എന്നാൽ, ആഗോള വ്യാപാരയുദ്ധം ഇന്ത്യയ്ക്ക് തിരിച്ചടിയായപ്പോൾ വസ്‌ത്രങ്ങൾ ഉൾപ്പെടെയുള്ള ഉത്‌പന്നങ്ങളുടെ മികച്ച കയറ്റുമതിയിലൂടെ ബംഗ്ളാദേശ് നേട്ടമുണ്ടാക്കി. നിക്ഷേപരുടെ ആശങ്കയാണ് ഇന്ത്യയിൽ മാന്ദ്യത്തിന് തുടക്കമിട്ടത്. ബാങ്കിംഗ് മേഖലയും ബാങ്കിതര മേഖലയും പിന്നാലെ തളർന്നു. എന്നാൽ, വൈകാതെ സ്ഥിതി മെച്ചപ്പെടുമെന്നും ഇന്ത്യ നേട്ടത്തിന്റെ ട്രാക്കിലേക്ക് മെല്ലെ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യയും
തളരുന്നു
ഇറക്കുമതിയിലും വ്യാവസായിക ഉത്‌പാദനനത്തിലും ദക്ഷിണേഷ്യയിൽ വൻ കുറവാണ് ദൃശ്യമാകുന്നതെന്നും ഇത് മാന്ദ്യം ശക്തമാണെന്നതിന്റെ തെളിവാണെന്നും ലോകബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്കയിലും പാകിസ്ഥാനിലും ഇറക്കുമതി 15-20 ശതമാനമാണ് ഇടിഞ്ഞത്. ഉപഭോക്തൃ വിപണി വളർച്ച 7.3 ശതമാനത്തിൽ നിന്ന് 3.1 ശതമാനത്തിലേക്ക് താഴ്‌ന്നു.
ഇന്ത്യയെ കടത്തിവെട്ടാൻ
ബംഗ്ളാദേശ്, ഭൂട്ടാൻ
2019ൽ ലോകബാങ്ക് ഇന്ത്യയ്ക്ക് പ്രതീക്ഷിക്കുന്ന വളർച്ച ആറു ശതമാനമാണ്.
ബംഗ്ളാദേശ് 8.1 ശതമാനവും ഭൂട്ടാൻ 7.4 ശതമാനവും വളരും.
മാലിദ്വീപിന് പ്രതീക്ഷിക്കുന്ന വളർച്ച 5.2 ശതമാനം.
പാകിസ്ഥാൻ 2.4 ശതമാനവും ശ്രീലങ്ക 2.7 ശതമാനവുമാണ് വളരുക.
2021ൽ 7.2 ശതമാനം വളർച്ച ഇന്ത്യ നേടും.
ബംഗ്ളാദേശ് 7.3 ശതമാനവും വളരും.
അടുത്തവർഷം നേപ്പാൾ 6.5 ശതമാനവും അഫ്‌ഗാനിസ്ഥാൻ മൂന്നു ശതമാനവും വളർച്ച നേടും.