koodathayi-

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളി അന്വേഷണ സംഘം തലവൻ റൂറൽ എസ്.പി കെ.ജി.സൈമൺ. അവർക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് തെളിയിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോളിക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ല. പ്രതിരോധത്തിന്റെ ഭാഗമായി ആ രീതിയിൽ പെരുമാറിയാൽ പോലും അവർക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് തെളിയിക്കുന്നതിനാവശ്യമായ വിവരങ്ങൾ അന്വേഷണ സംഘത്തിന്റ പക്കലുണ്ട്. ജോളിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി എവിടെയും പറഞ്ഞിട്ടില്ല. പൊലീസ് പറഞ്ഞു എന്ന പേരിൽ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എസ്.പി സൈമൺ പറഞ്ഞു. വിവാഹിതയായതിനു ശേഷമുള്ള കാര്യങ്ങൾ മാത്രമല്ല, അതിനു മുൻപുള്ള ജോളിയുടെ ജീവിതത്തെക്കുറിച്ചും അന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് 200 ശതമാനം ഉറപ്പുണ്ടെന്നും കെ.ജി. സൈമൺ വ്യക്തമാക്കി. സാഹചര്യ തെളിവുകളെല്ലാം ബലമുള്ളതാണ്. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ നാളെ വീണ്ടും ചോദ്യംചെയ്യും. വടകര റൂറല്‍ എസ്.പി ഒാഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടിസ് നല്‍കി. ജോളിയുടെ ഇടുക്കി രാജകുമാരിയിലുള്ള സഹോദരി ഭർത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. തെങ്ങുംകുടി ജോണിയുടെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. മൂന്ന് മണിക്കൂർ ജോണിയെ ചോദ്യം ചെയ്തു. ബന്ധു എന്നതിലുപരി ഈ കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും, അന്വേഷണ സംഘവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ജോണി പറഞ്ഞു.