ബ്രസൽസ്: ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്‌മയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) പ്ലീനറി സമ്മേളനം ഇന്ന് പാരീസിൽ ആരംഭിക്കുമ്പോൾ, ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തുമോ എന്ന ആശങ്കയിലാണ് പാകിസ്ഥാൻ. 18 വരെയാണ് സമ്മേളനം.
ഭീകരർക്ക് ധനസഹായം നൽകുന്നതിന് എഫ്.എ.ടി.എഫ് 2018 ജൂണിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയിരുന്നു. തുടർന്ന് ഭീകരർക്ക് സാമ്പത്തിക സഹായം തടയാൻ 27 ഇന ആക്‌ഷൻ പ്ലാൻ നിർദ്ദേശിച്ചു. ഒരു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ പതറി നിൽക്കുന്ന പാകിസ്ഥാന് അന്താരാഷ്ട്ര വായ്പകൾ അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ ക്ലീൻ ചിറ്റ് അത്യാവശ്യമാണ്.
ടാസ്‌ക് ഫോഴ്സിന്റെ ആക്‌ഷൻ പ്ലാൻ നടപ്പാക്കിയത് സംബന്ധിച്ച് പാകിസ്ഥാൻ തയ്യാറാക്കിയ റിപ്പോർട്ട് പാക് മന്ത്രി ഹമദ് അസ്ഹറിന്റെ സാന്നിദ്ധ്യത്തിൽ സമ്മേളനം വിലയിരുത്തും. നിർദ്ദേശങ്ങൾ നടപ്പാക്കിയില്ലെന്ന് ബോദ്ധ്യപ്പെട്ടാൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്നാണ് സൂചന.
കഴിഞ്ഞ ആഗസ്റ്റിൽ ബാങ്കോക്കിൽ നടന്ന ടാസ്‌ക് ഫോഴ്സിന്റെ ഏഷ്യ പസഫിക് ജോയിന്റ് ഗ്രൂപ്പിന്റെ യോഗം, ആക്‌ഷൻ പ്ലാനിലെ 27 നിർദ്ദേശങ്ങളിൽ ആറെണ്ണം മാത്രമാണ് പാകിസ്ഥാൻ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ടാസ്‌ക് ഫോഴ്സിന്റെ 40 സാങ്കേതിക മാനദണ്ഡങ്ങളിൽ 30എണ്ണവും പാകിസ്ഥാൻ നടപ്പാക്കിയിട്ടില്ലെന്നും ഒന്നുമാത്രമാണ് പൂർണമായി നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ, പാകിസ്ഥാന്റെ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് കമ്മിഷൻ എന്നിവയ്‌ക്ക് ഭീകരർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നുമാണ് അന്താരാഷ്ട്ര കൂട്ടായ്‌മ വിലയിരുത്തുന്നത്.
ഈ സാഹചര്യത്തിൽ പാകിസ്ഥാനെ ഇനിയും ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്തണോ കരിമ്പട്ടികയിൽ പെടുത്തണോ എന്ന് പ്ലീനറി സമ്മേളനം തീരുമാനിക്കും. ഭീകരരുടെ സാമ്പത്തിക സ്രോതസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തപക്ഷം പാകിസ്ഥാന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് എഫ്.എ.ടി.എഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അപേക്ഷയുമായി പാകിസ്ഥാൻ
കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ടാസ്ക് ഫോഴ്‌സിലെ എല്ലാ അംഗ
രാഷ്‌ട്രങ്ങളെയും സമീപിച്ചിട്ടുണ്ട്. പാകിസ്ഥാൻ. ആക്‌ഷൻ പ്ലാൻ നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്നും കരിമ്പട്ടികയിൽ പെടുത്തിയാൽ രാജ്യം സാമ്പത്തികത്തകർച്ചയിലാവുമെന്നും വ്യാപാര ഇടപാടുകൾ സ്‌തംഭിക്കുമെന്നും ഐ. എം. എഫിന്റെ വായ്‌പകൾ തിരിച്ചടയ്‌ക്കാൻ കഴിയില്ലെന്നുമാണ് പാകിസ്ഥാൻ പറയുന്നത്.