a

എഴുകോൺ: ലോഷൻ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമ വിഷവാതകം ശ്വസിച്ച് മരിച്ചു. ഇടയ്ക്കിടം റോഡ് വിള വീട്ടിൽ ടി. സുഭാഷാണ് (42 ) മരിച്ചത്. കേരള കോൺഗ്രസ് (ബി) കരീപ്ര മണ്ഡലം പ്രസിഡന്റാണ് സുഭാഷ്. ഇടയ്ക്കിടം ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ലോഷൻ നിർമ്മിക്കുന്ന രാസദ്രാവകം സൂക്ഷിച്ചിരുന്ന കന്നാസ്‌ തുറക്കവേ വിഷവാതകം സുഭാഷിന്റെ മുഖത്തേക്ക് അടിക്കുകയായിരുന്നു. സുഭാഷ് ബോധരഹിതനായി വീഴുന്നതു കണ്ട മാതാവ് ദേവകിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ് തങ്കപ്പന്റെ മരണശേഷം സുഭാഷാണ് സ്ഥാപനം നടത്തി വന്നത്.

കൊല്ലം രാമൻകുളങ്ങരയിലെ ഭാര്യവീട്ടിൽ താമസിക്കുന്ന സുഭാഷ് ഞായറാഴ്ചകളിൽ സ്ഥാപനത്തിലെത്തിയാണ് ലോഷൻ നിർമ്മാണം നടത്തിയിരുന്നത്. കോതമംഗലത്തെ ഒരു സ്കൂളിൽ താത്കാലിക ജീവനക്കാരനായിരുന്നു സുഭാഷ്. അനിതയാണ് ഭാര്യ. മക്കൾ: അശ്വിൻ കൃഷ്ണ, ആര്യ നന്ദ. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ. എഴുകോൺ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.