അഹമ്മദാബാദ്: എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? ഗുജറാത്തിലെ സ്‌കൂളിൽ ഒമ്പതാം ക്ലാസ് പരീക്ഷയ്ക്ക് വന്ന ചോദ്യം ഇങ്ങനെയാണ്. സുഫാലം ശാല വികാസ് സങ്കുൽ എന്ന പേരിനുകീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ ഇന്റേണൽ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം പ്രത്യക്ഷപ്പെട്ടത്. ഗാന്ധിനഗറിൽ സർക്കാർ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുൽ. സംഭവം വിവദമായതിനെ തുടർന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളുകളുടെ മാനേജ്മെന്റാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയതെന്ന് ഗാന്ധിനഗർ ജില്ല വിദ്യാഭ്യാസ ഓഫീസർ ഭാരത് വാധർ പറഞ്ഞു. സർക്കാർ സഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളിൽ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിർണ്ണയ പരീക്ഷയിൽ ഈ രണ്ട് ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെടുക്കുെന്നും ജില്ല വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.