ന്യൂഡൽഹി: മുത്തലാഖും ആർട്ടിക്കിൾ 370ഉം തിരിച്ചുകൊണ്ടുവരുമോയെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.. . . മുതലക്കണ്ണീരൊഴുക്കി ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്ന നേതാക്കള്‍ കശ്മീരില്‍ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമോയെന്നു പ്രധാനമന്ത്രി ചോദിച്ചു. മഹാരാഷ്ട്രയിലെ ജാൽഗണിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി കോൺഗ്രസ്, എൻസിപി നേതാക്കളെ വെല്ലുവിളിച്ചത്.
“ഞാനവരെ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഭാവിയിലെ തിരഞ്ഞെടുപ്പിന്റെയും പ്രകടന പത്രികയിൽ, മോദി സർക്കാർ ഓഗസ്റ്റ് 5ന് എടുത്തു കളഞ്ഞ ആർട്ടിക്കിൾ 370, 35 എന്നിവ പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകൂ,” മോദി പറഞ്ഞു. മുതലക്കണ്ണീർ ഒഴുക്കുന്നത് നിർത്തണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യാനും ഓഗസ്റ്റ് 5 ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച മോദി, നാലുമാസത്തിനുള്ളിൽ താഴ്‌വര സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്നും ഉറപ്പുനൽകി. “40 വർഷമായി അവിടെ നിലനിന്നിരുന്ന അവസ്ഥ സാധാരണ നിലയിലാക്കാൻ നാല് മാസത്തിൽ കൂടുതൽ എടുക്കില്ല,” അദ്ദേഹം ഉറപ്പ് നൽകി.
പ്രതിപക്ഷ പാർട്ടികൾക്കെതിരായ ആക്രമണം ശക്തമാക്കിയ മോദി ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചു.
കാശ്മീരിൽ ഭീകരതയും വിഘടന വാദവും മാത്രമാണുള്ളത്. കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ അയൽരാജ്യം ശ്രമിക്കുകയാണ്. എത്രയും പെട്ടെന്ന് കശ്മീരിനെ സാധാരണരീതിയിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ പ്രധാനമന്ത്രി വിമർശിച്ചു. മുസ്ലീം സഹോദരിമാർക്ക് നീതി ലഭിച്ചത് പ്രതിപക്ഷത്തിന് കാണാൻ സാധിക്കുന്നില്ലെന്ന് മോദി പറഞ്ഞു.മുസ്ലീം അമ്മമാർക്കും സഹോദരിമാർക്കും നൽകിയ വാഗ്ദാനം താൻ പാലിച്ചുവെന്നു പറഞ്ഞ മോദി മുത്തലാഖ് സമ്പ്രദായം തിരികെ കൊണ്ടുവരാനും പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
കാശ്മീർ വിഷയം കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കുക ലക്ഷ്യമിട്ടാണ് അവരുടെ നീക്കം. രാജ്യം ചിന്തിക്കുന്നതിനു നേർവിപരീതമായാണ് കോൺഗ്രസും എൻ.സി.പിയും ചിന്തിക്കുന്നത്. നമ്മുടെ അയൽരാജ്യത്തിന്റെ ഭാഷയിലാണ് അവർ സംസാരിക്കുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങൾ ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ വീണ്ടും വിജയിപ്പിക്കണമെന്നും മോദി പറഞ്ഞു. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 24ന്.