ഹൈദരാബാദ്: എൻ.ഡി.എ സഖ്യം വിട്ടത് തിരിച്ചടിയായി പാർട്ടിക്ക് തിരിച്ചടിയായെന്ന് ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. അന്ന് എൻ.ഡി.എയിൽ നിന്നിരുന്നെങ്കിൽ ചിത്രം മാറിയേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ടി.ഡി.പി കേന്ദ്രസർക്കാരുമായും ബി.ജെ.പിയുമായും തെറ്റിയത്. എന്നാൽ പാർട്ടിക്ക് ഇത് നഷ്ടങ്ങൾ മാത്രമാണുണ്ടാക്കിയത്- ചന്ദ്രബാബു നായിഡു പറഞ്ഞു.
അന്ന് ആന്ധ്രക്ക് പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ തുടർന്നാണ് ബി.ജെ.പിയുമായി തർക്കത്തിലായത്. ഇതിൽ പ്രതിഷേധിച്ച് ടി.ഡി.പി എൻ.ഡി.എ വിടുകയായിരുന്നു. സംസ്ഥാന വിഭജന കാലത്തേ ആന്ധ്രക്ക് പ്രത്യേക പദവി നൽകുമെന്നാണ് കേന്ദ്രം വാക്കു പറഞ്ഞിരുന്നത്. എന്നാൽ വാക്കുമാറിയതോടെ മാർച്ചിൽ ടി.ഡി.പി എൻ.ഡി.എ വിടുകയായിരുന്നു. ഇതിനെ തുടർന്ന് മോദിക്കെതിരെയും ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു.
ആര് പ്രധാനമന്ത്രിയായാലും അത് നരേന്ദ്ര മോദിയെക്കാളും നല്ലതായിരിക്കുമെന്നുമെന്നാണ് അന്ന് ചന്ദ്രബാബു നായിഡു പറഞ്ഞത്.. എൻ.ഡി.എയുടെ ആദർശങ്ങളിൽ തുടക്കകാലം മുതൽക്കേ ഭിന്നിപ്പുണ്ടായിരുന്നെന്നാണ് എൻ.ഡി.എ വിട്ടതിന് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ എൻ.ഡി.എ വിട്ടതിന് ശേഷം ടി.ഡി.പിക്ക് തിരിച്ചടികൾ നേരിട്ടു. ആന്ധ്രയിലെ അപ്രതീക്ഷിത തോൽവിയാണ് ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിൽ 22ലും ജഗന്റെ വൈ.എസ്.ആർ കോൺഗ്രസായിരുന്നു വിജയിച്ചത്.