വടകര: കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ പിടിയിലാകുന്നതിന് മുമ്പുള്ള ജോളി ജോസഫിന്റെ ജീവിതത്തിൽ അടിമുടി ദുരൂഹതകൾ. ആറ് കൊലകളും ചെയ്തത് താനാണ് എന്ന് ജോളി സമ്മതിച്ചെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത് ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്..
14 വർഷമാണ് നാട്ടുകാരെയും വീട്ടുകാരെയും എൻ.ഐ.ടി പ്രൊഫസർ എന്ന പേരുപറഞ്ഞ് ജോലി പറ്റിച്ചത്. എൻ.ഐ.കാമ്പസിന് സമീപം ജോളിക്ക് ഒരു ഫ്ലാറ്റ് ളളതായി കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. എന്താണ് ഇവിടെ നടന്നിരുന്നത് എന്ന വിവരവും ആർക്കും അറിയില്ല.
ജോളി എൻ.ഐ.ടിയിൽ അദ്ധ്യാപികയല്ല എന്നതിനെക്കുറിച്ച് ഭർത്താവ് ഷാജുവിനടക്കം ആർക്കും സംശയം ഇല്ലായിരുന്നു. എൻ.ഐ.ടിയിൽ ഉയർന്ന ശമ്പളം വാങ്ങുന്ന അദ്ധ്യാപികയാണ് എന്നായിരുന്നു ജോളി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അദ്ധ്യാപികയെന്ന തരത്തിൽ ജോളി നടത്തിയ ഫോൺവിളികൾ അടക്കമുളള കാര്യങ്ങൾ വീട്ടുകാരുടെ വിശ്വാസം നേടിയെടുത്തു.
എൻ.ഐ.ടിയുടെ പേരിലുളള വ്യാജ ഐ.ഡി കാർഡും ജോളിക്കുണ്ടായിരുന്നു. ഈ കാർഡ് മിക്കപ്പോഴും കഴുത്തിലും കാണും. രാവിലെ കൃത്യസമയത്ത് കാറിലോ സ്‌കൂട്ടറിലോ കോളേജിലെക്കെന്ന പോലെ ജോളി ഐ.ഡി കാർഡും ധരിച്ചിറങ്ങും. കോളേജ് വിടുന്ന സമയമാകുമ്പോൾ തിരികെ വീട്ടിലെത്തും. ഈ സമയമത്രയും ജോളി ദിവസവും എവിടെയാണ് ചെലവഴിച്ചിരുന്നത് എന്നത് ദുരൂഹമായി തുടരുന്നു.
എൻ.ഐ.ടി കാന്റീനിൽ ജോളി സ്ഥിരം സന്ദർശകയായിരുന്നു എന്നാണ് വിവരം. അദ്ധ്യാപികയാണ് എന്നാണ് ഇവിടെയും പറഞ്ഞിരുന്നത്. എൻ.ഐ.ടി കാമ്പസിന് സമീപത്തെ ബ്യൂട്ടി പാർലറിലും ജോളി നിത്യ സന്ദർശക ആയിരുന്നു.
ആദ്യ ഭർത്താവ് റോയിയുടെ അച്ഛൻ ടോം തോമസിൽ നിന്ന് പണം വാങ്ങിയാണ് ജോളി ഈ ഫ്ലാറ്റ് വാങ്ങിയത് എന്നാണ് വിവരം. ട്യൂഷൻ സെന്ററിന് എന്ന പേരിലാണ് ഫ്ലാറ്റ് വാങ്ങിയത്. എൻ.ഐ.ടിയിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്ന ജോളി ഈ ഫ്ലാറ്റിലാണോ സമയം ചെലവഴിച്ചിരുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇവിടേക്ക് ആരൊക്കെ വന്ന് പോയി എന്നതും പൊലീസ് അന്വേഷിക്കുന്നു.
നാല് മൊബൈൽ ഫോണുകളാണ് ജോളി ഉപയോഗിച്ചിരുന്നത്. ഇതിലെ ചില നമ്പറുകളിലേക്ക് പൊലീസ് വിളിച്ചപ്പോൾ ജില്ലയ്ക്ക് അകത്തും പുറത്തുമുളള പുരുഷ സുഹൃത്തുക്കളുടേതാണ് എന്ന് മനസിലായിട്ടുണ്ട്. ജോളി കൂടുതൽ സമയവും ഫോണിലാണ് ചെലവഴിക്കാറുളളതെന്ന് ഭർത്താവ് ഷാജു നേരത്തെ വെളിപ്പെടുത്തിയിരുന്നു.