my-home-

അനാവശ്യച്ചെലവുകൾ ആണ് വീടുപണിയിൽ വില്ലൻമാരാകുന്നത്. വീട് നിർമ്മിക്കുമ്പോൾ ഇത്തരം ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ പണിതീരാത്ത വീടുപോലെ വീടുപണി ദുരന്തമായി മാറിയേക്കാം. വീടുപണിയുടെ ഓരോ ഘട്ടത്തിലും ചില പ്രധാനകാര്യങ്ങളിൽ ശ്രദ്ധയുണ്ടായാൽ പോക്കറ്റ് കീറാതെ തന്നെ അടിപൊളി വീട് നിർ‌മ്മിക്കാനാവും.

പ്ലാൻ തയാറാക്കുന്നതു മുതൽ കൃത്യമായ കണക്ക് എഴുതി സൂക്ഷിക്കുകയും ആഴ്ചതോറും ഇതു പരിശോധിക്കുകയും ചെയ്താൽ എവിടെയെല്ലാം അധിക ചെലവ് വരുന്നു എന്ന് അറിയാൻ സാധിക്കും. വീടുപണിയുടെ ഓരോ ഘട്ടത്തിലും ഇത്തരം കണക്കുകൾ സൂക്ഷിക്കുന്നതിനാൽ മൊത്തം ബഡ്‌ജറ്റിന്റെ എത്ര ശതമാനം ചെലവായി എന്നു മനസിലാക്കാനും ഇനിയുള്ള ചെലവുകളെക്കുറിച്ച് ധാരണയുണ്ടാക്കാനും സാധിക്കും.

സാധാരണ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾക്കു പകരം ബദൽ രീതികളും ഉത്പന്നങ്ങളും ഉപയോഗിച്ചും ചെലവു കുറയ്ക്കാൻ സാധിക്കും. ഫെറോസിമെന്റ് പാനലുകൾ, കമ്പിയും കോൺക്രീറ്റ് മിശ്രിതവും ഉപയോഗിച്ചു നിർമിക്കുന്ന റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് പോലെ ബലമുള്ളതും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്.

പൈപ്പുകളും ഇലക്ട്രിക് വയറുകളും പെയിന്റുമെല്ലാം ഒന്നിൽക്കൂടുതൽ കടകളിൽ കയറി വിലനിലവാരം അറിഞ്ഞതിനു ശേഷം മാത്രം വാങ്ങിക്കുക. താൽക്കാലിക ലാഭം നോക്കി മെറ്റീരിയലുകൾ വാങ്ങിക്കുന്നത് പിന്നീടുള്ള മെയിന്റനൻസ് ചെലവ് കൂട്ടും. അതുകൊണ്ട് ഗുണമേന്മയുള്ള മെറ്റീരിയലുകൾക്ക് പ്രാധാന്യം നൽകുക.

വീടിന്റെ പുറത്തേക്കുള്ള വാതിലുകൾക്ക് മാത്രം നല്ല കരുത്തുള്ളവ നൽകിയാൽ മതിയാകും. വീടിനുള്ളിലെ വാതിലുകളിൽ വയ്ക്കുന്ന ബോൾട്ടുകൾ ചെറുതു മതി. അതുപോലെ ഉള്ളിലെ വാതിലുകൾക്ക് മരത്തിന്റെ കട്ടിളകൾ വേണമെന്നില്ല. കോൺക്രീറ്റ് പ്ലഗ് ഉപയോഗിച്ച് വിജാഗിരികൾ പിടിപ്പിച്ചാൽ മതി. തടി ലാഭിക്കാം. പെയിന്റ്, വാർണിഷ്, തുടങ്ങിയ ചെലവും കുറയ്ക്കാം. ടോയ്‍ലറ്റ് തുടങ്ങി ഈർപ്പം കൂടിയ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് / ഫൈബർ വാതിലുകളാണ് ഉത്തമം.

തേക്ക്, ഈട്ടി തുടങ്ങിയ തടികൾക്കു പകരം ചെറുതേക്ക്, ആഞ്ഞിലി, പ്ലാവ്, തെങ്ങ് തുടങ്ങിയ തടികൾ എടുത്താൽ വില അമ്പതു ശതമാനത്തിൽ അധികം ലാഭിക്കാം. പ്ലാവ്, ആഞ്ഞിലി പോലുള്ള തടികൾ പരമാവധി നഷ്ടം കുറച്ച് അറുത്തെടുക്കണം. ഫ്രെയിമുകൾക്ക് ഭാരം കൂടിയ തടികൾ എടുക്കാം. ഷട്ടറുകൾ ഉണ്ടാക്കാൻ മഹാഗണിയോ തേക്കോ പ്ലാവോ പോലുള്ള ഭാരം കുറഞ്ഞ തടികളാണു നല്ലത്.

അടുക്കളയുടെ കാബിനറ്റുകളും കാബിനറ്റ് ഷട്ടറുകളും തടികൊണ്ടു തന്നെ വേണമെന്ന നിർബന്ധം വേണ്ട. പകരം കംപ്രസ്ഡ് വുഡ് ഉപയോഗിച്ച് ഷട്ടറുകൾ ചെയ്യാം. അതിനു മുകളിൽ ഓട്ടമോട്ടീവ് പെയിന്റ് അടിച്ചാൽ ചെലവു കുറയ്ക്കാൻ കഴിയും. ഗ്ലോസി ഫിനിഷിലുള്ള പെയിന്റ് ഫിനിഷ് നൽകുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ സാമ്പത്തികലാഭം തരുന്നത്.

ചെലവു കുറയ്ക്കാനുള്ള ഏറ്റവും പ്രധാനമാർഗം കൃത്യ സമയത്തു ജോലികൾ തീർക്കുന്നു എന്ന് ഉറപ്പു വരുത്തുകയാണ്, പ്രത്യേകിച്ച് ഫിനിഷിങ് ഘട്ടത്തിൽ. ഏറ്റവും ചെലവ് വരുന്ന ഘട്ടമാണിത്.