പോഷകങ്ങളുടെ അപര്യാപ്തതയാണ് അസ്ഥികളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നത്. കാൽസ്യം, മാംഗനീസ് എന്നിവയടങ്ങിയ ഭക്ഷണം പതിവായി കഴിച്ചാൽ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടും. പാൽ, പയർ വർഗങ്ങൾ, പനീർ എന്നിവയും പതിവായി കഴിക്കുന്നതിലൂടെ അസ്ഥികളെ ആരോഗ്യമുള്ളതാക്കാം. നെത്തോലി, മത്തി തുടങ്ങിയ മത്സ്യങ്ങൾ അസ്ഥിക്ക് ആവശ്യമായ കാത്സ്യം നൽകുന്നവയാണ്. ബദാം നിത്യേന കഴിക്കുന്നത് അസ്ഥികളെ ബലമുള്ളതാക്കും.
വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ മധുരക്കിഴങ്ങും അസ്ഥികൾക്ക് മികച്ച ആരോഗ്യം നൽകും. ജീവകം എ, സി, കെ, ഇരുമ്പ് എന്നിവ ധാരാളമുള്ള ചീരയും അസ്ഥികൾക്ക് ഏറ്റവും മെച്ചപ്പെട്ട ആഹാരമാണ്. മാംഗനീസ് ധാരാളമുള്ളതിനാൽ പൈനാപ്പിൾ അസ്ഥികൾക്ക് ഗുണം നൽകുന്ന ഫലവർഗമാണ് . ഇത് അസ്ഥിരോഗങ്ങളെയും പ്രതിരോധിക്കും. വിറ്റാമിൻ ബി കോംപ്ളക്സ് , ഇ, എ, മഗ്നീഷ്യം, മാംഗനീസ് എന്നിവയടങ്ങിയ ചുവന്ന അരി കഴിക്കുന്നതും അസ്ഥികളെ ആരോഗ്യമുള്ളതാക്കും.