തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ പുരുഷന്മാർക്കു മാത്രം അവസരം ലഭിച്ചിരുന്ന, അപകടങ്ങൾ പതിയിരിക്കുന്ന, അതീവ ജാഗ്രത വേണ്ട അഗ്നിശമന - സുരക്ഷാ സേനയിൽ കേരളത്തിന്റെ അഭിമാനമാവുകയാണ് രമ്യ ശ്രീകണ്ഠൻ. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഫയർഫൈറ്ററായി ഈ 28കാരി അടുത്ത മാസം ചുമതലയേൽക്കും.
പാറശാല കാരോട് ശ്രീഗംഗയിൽ അരുണിന്റെ ഭാര്യയാണ്. സിവിൽ എൻജിനിയറിംഗിൽ എം.ടെക് ബിരുദധാരിയായ രമ്യ, അപകടസാദ്ധ്യത അറിഞ്ഞു തന്നെയാണ് ഫയർ ഫൈറ്ററാകാൻ തീരുമാനിച്ചത്. പരിശീലനം കഠിനമായിരുന്നു. റോപ് ക്ലൈംബിംഗ്, പോൾ ക്ലൈംബിംഗ്, ഹാർഡ് ഹോസുമായി വേഗത്തിൽ ഒാട്ടം എന്നിവയിലെല്ലാം രമ്യ പുരുഷ ട്രെയിനികളെക്കാൾ മിടുക്കിയായിരുന്നെന്ന് ട്രെയിനിംഗിൽ ഒപ്പമുണ്ടായിരുന്ന വിഷ്ണു പറയുന്നു.
പൂജപ്പുര എൽ.ബി.എസിൽ രണ്ട് വർഷം ഗസ്റ്റ് അദ്ധ്യാപികയായിരുന്നു. പിന്നീട് പി.എസ്.സി പരിശീലനത്തിന് ഇറങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഭർത്താവ് അരുൺ ആണ് എയർപോർട്ട് അതോറിട്ടി ദക്ഷിണമേഖലാ ഫയർ സർവീസിൽ ജൂനിയർ അസിസ്റ്റന്റ് വിജ്ഞാപനം ഇറങ്ങിയതും ആദ്യമായി സ്ത്രീകൾക്ക് അപേക്ഷിക്കാൻ അവസരമുണ്ടെന്നും പറഞ്ഞത്. അങ്ങനെ രമ്യ അപേക്ഷിച്ചു. എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. ഫിസിക്കൽ ടെസ്റ്റിനായി മൂന്ന് മാസം കട്ടച്ചൽക്കുഴി കൈലാസം ഫിസിക്കൽ സെന്ററിലെ സജിത്തിന്റെ മേൽനോട്ടത്തിൽ പരിശീലനം നേടി. ഫിസിക്കൽ ടെസ്റ്റിന് നിരവധി വനിതകൾ പങ്കെടുത്തിരുന്നു. റാങ്ക് ലിസ്റ്റ് വന്നപ്പോൾ 147 പേരിൽ വനിതയായി രമ്യ മാത്രം. ആദ്യമൊന്ന് ഞെട്ടിയ വീട്ടുകാർ പിന്നെ പൂർണപിന്തുണ നൽകി. ഡൽഹി ഫയർ ട്രെയിനിംഗ് സെന്ററിൽ നാല് മാസത്തെ പരിശീലനം. അവിടെ പരിശീലകരും ജീവനക്കാരും ട്രെയിനികളും എല്ലാം പുരുഷന്മാർ. ദക്ഷിണ മേഖലയിലെ ആദ്യ വനിത എന്ന പരിഗണന എല്ലാവരും നൽകി. ഭർത്താവും അച്ഛൻ ശ്രീകണ്ഠൻ നായരും അമ്മ ഗീതാകുമാരിയും ഉൾപ്പെടെ നൽകിയ പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് രമ്യ പറയുന്നു. രണ്ട് വയസുകാരി അനുമിത ഏക മകളാണ്.
ഇന്ത്യയിൽ രമ്യയെക്കൂടാതെ കൊൽക്കത്ത, രാജസ്ഥാൻ സ്വദേശികളായ രണ്ട് വനിതകൾ മാത്രമാണ് ഈ പോസ്റ്റിലുള്ളത്.
138 സെക്കൻഡ് നിർണായകം
വിമാനത്തിന്റെ എമർജൻസി ലാൻഡിംഗോ തീപിടിത്തമോ ഉണ്ടായാൽ 138 സെക്കൻഡിൽ പൂർണ സജ്ജരായി അപകടസ്ഥലത്ത് എത്തണം. ഒാടുമ്പോൾ തന്നെ എല്ലാ രക്ഷാഉപാധികളും ഉപയോഗിക്കാൻ കഴിയുന്ന ക്രാഷ് ഫയർ ടെൻഡർ എന്ന ഫയർ എൻജിനാണ് പ്രധാന ആയുധം. വിമാനത്തിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ലാഡർ ഉപയോഗിച്ച് അകത്ത് കയറി യാത്രക്കാരെ രക്ഷപ്പെടുത്തണം. പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് ആംബുലൻസിൽ പായണം. എയർപോർട്ടിലെ കെട്ടിടങ്ങൾ, വിമാനങ്ങൾ തുടങ്ങിയവയുടെയെല്ലാം രക്ഷാ ചുമതലയുണ്ട്.