ലക്‌നൗ: മരണപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്ത ദമ്പതികൾക്ക് മണ്ണിനടിയിൽ നിന്ന് കിട്ടിയത് ജീവനോടെയുള്ള മറ്റൊരു പെൺകുഞ്ഞിനെ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഹിതേഷ് കുമാർ സിരോഹി-വൈശാലി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഏഴുമാസം ഗർഭിണിയും ബറേലിയിലെ സബ് ഇൻസ്പെക്ടറുമായ വൈശാലിയെ ദേഹാസ്വസ്ഥതയെ തുടർന്ന് ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം യുവതി പൂർണ വളർച്ചയെത്താത്ത ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മിനിറ്റുകൾക്കകം കുട്ടി മരണപ്പെട്ടു.
നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാനായി മൂന്നടി താഴ്ചയിൽ ഒരു കുഴിയെടുത്തപ്പോഴാണ് അതിൽ ഒരു മൺകുടം കണ്ടത്. അത് പുറത്തെടുത്ത് പരിശോധിച്ച ദമ്പതികൾ ഞെട്ടി. ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെൺകുഞ്ഞായിരുന്നു അതിൽ ഉണ്ടായിരുന്നത്. കുട്ടിക്ക് പാൽ നൽകുകയും ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി സിറ്റി പൊലീസ് സുപ്രണ്ട് അഭിനന്ദൻ സിംഗ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.