മുംബയ്: ബി.സി.സി.ഐ പ്രസിഡന്റായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുക്കാൻ ധാരണയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാകുമെന്നും തീരുമാനം വന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം വന്നത്. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.സി.സി.ഐയുടെ മുൻ അദ്ധ്യക്ഷനുമായിരുന്ന അനുരാഗ് താക്കൂറിന്റെ സഹോദരൻ ധുമാൽ താക്കൂർ ബോർഡിന്റെ ട്രഷറർ സ്ഥാനത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.
ഈ മാസം 23നാണ് ബി.സി.സി.ഐ തിരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാർത്ഥിയായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. അദ്ധ്യക്ഷന്റെയും മറ്റ് ഭാരവാഹികളുടെയും കാര്യത്തിൽ തീരുമാനം ആയ സ്ഥിതിക്ക് മറ്റാരും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഗാംഗുലി. ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2022 വരെയാകും അദ്ദേഹത്തിന്റെ ഭരണകാലാവധി. കർണാടകത്തിലെ ബ്രിജേഷ് പട്ടേലിനെ പിന്തള്ളിയാണ് സൗരവ് ഗാംഗുലി ബി.സി.സി.ഐ അദ്ധ്യക്ഷന്റെ സ്ഥാനത്തേക്ക് എത്തുന്നത്. കെ.സി.ഐ പ്രസിഡന്റായ ജയേഷ് ജോർജ് ബി.സി.സി.ഐയുടെ ജോയിന്റ് സെക്രട്ടറിയാകുമെന്നും വിവരമുണ്ട്.