ചെന്നൈ : ലോകം ശ്രദ്ധയോടെ കാത്തിരുന്ന ഇന്ത്യ ചൈന ഉച്ചകോടി കഴിഞ്ഞപ്പോൾ കോളടിച്ചത് മഹാബലിപുരത്തിന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശിൽപ്പ ചാതുരി നിറഞ്ഞ മഹാബലിപുരത്തെ കാഴ്ചകൾ കാണാൻ സഞ്ചാരുകളുടെ ഒഴുക്കാണിപ്പോൾ. ഉച്ചകോടിക്ക് മുൻപ് കേവലം രണ്ടായിരത്തിനും മൂവായിരത്തിനും ഇടയൽ മാത്രമാണ് ഇവിടെ സഞ്ചാരികൾ എത്തിയിരുന്നത്. എന്നാൽ ഉച്ചകോടി അവസാനിച്ചതിന്റെ പിറ്റേ ദിവസം മഹാബലിപുരത്തെ കാഴ്ചകൾ കാണാനെത്തിയത് എഴുപത്തയ്യായിരത്തിലധികം വിനോദ സഞ്ചാരികളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടെ എത്തുന്നതിനായി ടൂർ ഓപ്പറേറ്റർമാരുമായി ഇപ്പോൾ ബന്ധപ്പെടുന്നത്. ദക്ഷിണേന്ത്യയുടെ ടൂറിസം മേഖലയിൽ പുതുചലനം സൃഷ്ടിക്കാൻ മഹാബലിപുരത്തെ ഉച്ചകോടിയുടെ വേദിയായി തിരഞ്ഞെടുക്കുക വഴി ഇന്ത്യയ്ക്കായി.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള പല്ലവ നിർമ്മിതികൾ വൃത്തിയാക്കിയിരുന്നു. മോദിയും ഷിയും ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്ത സ്ഥലങ്ങളിൽ നിന്നും ഫോട്ടോയും സെൽഫിയുമെടുക്കുന്ന തിരക്കിലായിരുന്നു ഇവിടെ എത്തിയ കാഴ്ചക്കാർ. ഇരു രാഷ്ട്ര നേതാക്കൻമാരും ഒരുമിച്ച് നടന്നുകണ്ട മഹാബലിപുരത്തെ മഹാദ്ഭുതങ്ങളായ അർജുന തപസ്സ്, കൃഷ്ണന്റെ വെണ്ണക്കട്ടി, പഞ്ചരഥം തുടങ്ങിയ കാഴ്ചകൾ തിക്കിതിരക്കി കാണേണ്ട അവസ്ഥയാണിപ്പോൾ. ഉച്ചകോടിക്കായി ഇവിടെ അലങ്കരിച്ചിരുന്ന വിളക്കുകൾ ഇപ്പോഴും മാറ്റിയിട്ടില്ല. ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന മഹാബലിപുരത്തിന്റെ കാഴ്ചകൾ രാത്രിയും കാത്തിരുന്ന് ആസ്വദിക്കുകയാണ് സഞ്ചാരികളിപ്പോൾ. മഹാബലിപുരത്തെ ബീച്ചിലെ പ്രഭാത നടത്തവും, ശിൽപ കാഴ്ചകളും ലോകത്തിന് പരിചയപ്പെടുത്തുവാൻ രണ്ട് ദിവസം കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കായി.
ന്യൂഡൽഹിക്ക് പുറത്തേക്ക് രാഷ്ട്രതലവൻമാരുമായുള്ള ചർച്ചയ്ക്ക് മോദി വേദിയൊരുക്കുന്നത് ഇതാദ്യമല്ല. നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയ ചൈനീസ് തലവന് ഗുജറാത്തിലാണ് സ്വീകരണം ഒരുക്കിയത്. ഇന്ത്യയിൽ സന്ദർശനം നടത്തിയ ജപ്പാൻ പ്രധാനമന്ത്രിയെ മോദി സ്വന്തം മണ്ഡലമായ വരാണസിയിലെത്തിച്ച്, ആരതി ഉഴിയൽ ചടങ്ങിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഉച്ചകോടിക്കു ശേഷം ഇന്ത്യ ചൈന ബന്ധത്തിൽ പുതുയുഗം പിറന്നെന്ന് നയതന്ത്രവിദഗ്ദ്ധർ വിലയിരുത്തുമ്പോൾ ടൂറിസം മേഖലയിലും പുത്തനുണർവ് പിറക്കുകയാണ്.