മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവനടന്മാരിൽ ഒരാളാണ് ഭഗത് മാനുവൽ. മലർവാടി ആർട്സ് ക്ലബ്ബ്, ഫുക്രി, തട്ടത്തിൻ മറയത്ത്, ആട് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഭഗത്. ഈയിടെ വിവാഹിതനായ മാനുവലിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യമീഡിയയിൽ വെെറലായിരുന്നു. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഭഗത് തന്നെയാണ് വിവാഹക്കാര്യം ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചത്.

ഇപ്പോൾ തന്റെ കുടുംബവുമായുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് കൗമുദി ടി.വി "ഡേ വിത്ത് എ സ്റ്റാറി"ലൂടെ ഭഗത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറയുന്നു. സജീവമകാത്തതിന്റെ കാരണവും താരം തുറന്നുപറയുന്നുണ്ട്. രണ്ട് ലക്ഷത്തിലധികം ഫോളോവേർസുള്ള ഒരു പേജ് തനിക്കുണ്ടായിരുന്നെന്നും പിന്നീട് ആ പേജ് ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്നും ഭഗത് പറയുന്നു. നീണ്ട സംസാരത്തിനിടെ ഭാര്യ ഷെലിൻ ഒരു പരാതി കൂടി ഉന്നയിച്ചു. എന്തിനാ ഈ പെൺപിള്ളേരെ ചക്കരേയെന്ന് വിളിക്കുന്നത് എന്നായിരുന്നു ഷെലിന്റെ ചോദ്യം. ഒരു പൊട്ടിച്ചിരിയോടെ ഭഗത് ഇതിനുപിന്നിലുള്ള കാരണവും വെളിപ്പെടുത്തി.

bhagath-manuel

"എന്തിനാണ് എല്ലാവരെയും ചക്കരേന്ന് വിളിക്കുന്നതെന്ന് ഷെലിൻ ചോദിക്കാറുണ്ട്. പ്രത്യേകിച്ചും പെൺപിള്ളേരെയെന്നാണ് ഇവളുടെ പരാതി. എന്റെ അമ്മയുടെ അച്ഛൻ കൊച്ചുമക്കളെയെയും എല്ലാരെയും മക്കളേ എന്നാണ് വിളിക്കുന്നത്. അത് ഭയങ്കര സ്നേഹത്തോടെയുള്ള വിളിയാണ്. ഞങ്ങളെ കാണാൻ വരുമ്പോൾ മടിയിൽ മിഠായി പൊതിയും ഒരു ഭാഗത്ത് മുറുക്കാൻ പൊതിയും കാണും. അത് ഭയങ്കര മധുരമായ ഓർമകളാണ്. അതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. എല്ലാവരെയും അതായത് കൂട്ടുകാരായാലും ബന്ധുക്കളായാലും ചക്കരേയെന്നാണ് ഞാൻ വിളിക്കുന്നത്. ഫോൺ ചെയ്യുമ്പോഴായാലും ചക്കരേ,​ എന്തുണ്ട് എന്ന രീതിയിലാണ് സംസാരിച്ച് തുടങ്ങാറ്. അത് ശീലമായി"-ഭഗത് പറഞ്ഞു.