rajanikanth

തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദർബാറി'ന്റെ ഷൂട്ടിംഗ് ജോലികൾ അവസാനിപ്പിച്ച ശേഷം രജനീകാന്ത് വീണ്ടും ഹിമാലയത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. 10 ദിവസത്തേക്കാണ് തിരക്കുകൾ അവഗണിച്ചുകൊണ്ടുള്ള രജനിയുടെ 'ആത്മീയ ഇടവേള' നീളുക. ഇതിനിടെ തന്നെ സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി രജനി തന്റെ ഡേറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ രജനിയുടെ ഹിമാലയത്തിലേക്കുള്ള തീർത്ഥാടനവും അടുത്ത സിനിമയ്ക്ക് അദ്ദേഹം ഡേറ്റ് നൽകിയതും രാഷ്ട്രീയ നിരീക്ഷകർക്കും എതിരാളികൾക്കും ഇടയിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. രജനീകാന്ത് രാഷ്ട്രീയത്തെ ഗൗരവമായി തന്നെയാണോ കാണുന്നത് എന്നാണ് ഇവരുടെ പ്രധാന ചോദ്യം.

2017 ഡിസംബർ 31നാണ് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്ത് ശക്തമായ സൂചന നൽകുന്നത്. 'ഇതൊരു യുദ്ധമാണെന്നും അതിനായി തയാറെടുത്തുകൊള്ളൂ എന്നുമാണ് തന്റെ ആരാധകർ ഉൾപ്പെട്ട വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രജനികാന്ത് അന്ന് പറഞ്ഞത്. എന്നാൽ അന്ന് മുതൽക്കുള്ള കാലയളവിൽ അഞ്ച് ചിത്രങ്ങളിലാണ് രജനി അഭിനയിക്കുകയോ ഡേറ്റ് നൽകുകയോ ചെയ്തത്. 20 മാസത്തിനുളിൽ നടക്കുന്ന തമിഴ്‍നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും രജനി അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ യാതൊരു പുരോഗമനവും ഉണ്ടായിട്ടില്ല. തന്റെ അനൗദ്യോഗിക ആരാധക കൂട്ടായ്മയെ പരിവർത്തനം ചെയ്താണ് രജനീകാന്ത് 'രജനി മക്കൾ മൻട്രം' എന്ന ഒരു അസോസിയേഷൻ രൂപീകരിച്ചത്. രജനിയുടെ രാഷ്ട്രീയ പാർട്ടി ഈ അസോസിയേഷനെ അടിസ്ഥാനമാക്കിയാകും രൂപീകരിക്കുക. പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങൾ 90 ശതമാനവും പൂർത്തിയായി എന്ന് രജനി പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഇനിയും കാര്യമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. ഇകാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് നിരീക്ഷികരും വിമർശകരും രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സംശയിക്കുന്നത്.