crime-sunil-kumar-

കൊല്ലം : കൂടത്തായി കൊലപാതക പരമ്പരയെകുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ തെക്കൻ കേരളത്തിന് പറയാനുള്ളത് പെറ്റമ്മയെ കൊന്ന മകന്റെ ക്രൂരത. സ്വത്ത് തർക്കത്തിനിടെ മകൻ അമ്മയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ സംഭവം മാസങ്ങൾക്ക് ശേഷമാണ് പുറംലോകമറിയുന്നത്. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗർ 68 പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മയാണ് (84) കൊല്ലപ്പെട്ടത്. മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ സുനിൽകുമാറിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.നാല്പതു ദിവസം മുമ്പ് കുഴിച്ചിട്ട മൃതദേഹം പൊലീസ് ഇന്നലെ പുറത്തെടുക്കുകയും ചെയ്തു.

സെപ്തംബർ മൂന്നിന് വൈകിട്ട് നാലു മണിയോടെയാണ് അമ്മെയെ സുനിൽകുമാർ കൊന്നത്. അമ്മയുമായി വഴക്കിട്ട മകൻ കൊല്ലം അപ്സര ജംഗ്ഷനിലുള്ള മൂന്നു സെന്റ് സ്ഥലം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. സ്ഥലം കിട്ടിയില്ലെങ്കിൽ രണ്ടു ലക്ഷം രൂപ വേണമെന്നായി. വഴങ്ങാതിരുന്ന അമ്മയെ തലയ്ക്കടിച്ചു വീഴുത്തുകയായിരുന്നു. ബോധരഹിതയായി വീണതോടെ സുനിൽകുമാർ വീട് അടച്ച് പുറത്തുപോയി. രാത്രി പത്ത് മണിയോടെ മടങ്ങിയെത്തിയപ്പോഴും അമ്മ ബോധരഹിതയായി കിടക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ പുള്ളിക്കട സ്വദേശിയായ സുഹൃത്തിനെ വിളിച്ചുവരുത്തി വീടിന് പിന്നിൽ കുഴിച്ചിട്ടെന്നാണ് സുനിൽകുമാറിന്റെ കുറ്റസമ്മതം. എന്നാൽ സംഭവ ദിവസം സാവിത്രി അമ്മ ആർത്തുനിലവിളിക്കുന്നത് കേട്ടതായി അയൽവാസിയായ ജലജ പറയുന്നു. സുനിൽകുമാർ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ ആരും അങ്ങോട്ട് പോയില്ല. അന്ന് രാത്രി ശക്തമായ മഴയായിരുന്നു. അതുകൊണ്ടുതന്നെ കുഴിയെടുക്കുന്ന ശബ്ദം ആരും കേട്ടില്ല. നേരത്തെ വീട്ടുവഴിക്കിൽ ഇടപെടാൻ ശ്രമിച്ച അയൽവാസികളെ സുനിൽകുമാർ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അയൽവാസികൾ മറ്റ് മക്കളെ വിളിച്ചറിയിക്കുകയാണ് പതിവ്.

crime-sunil-kumar-

സാവിത്രി അമ്മ വീട്ടിൽ കോഴിയെ വളർത്തിയിരുന്നു. അതിനാൽ എവിടേക്കെങ്കിലും പോയാൽ രണ്ട് ദിവസത്തിനുള്ളിൽ മടങ്ങിവരുമായിരുന്നു. ഒരുമാസത്തിലേറെയായിട്ടും കാണാതാതോടെ സാവിത്രി അമ്മയ്ക്ക് എന്തെങ്കിലും അപായം സംഭവിച്ചോ എന്ന ആശങ്കയിലായിരുന്നു അയൽക്കാർ.

ഭാര്യയുമായി പലപ്പോഴും പിണക്കത്തിലായിരുന്നു സുനിൽകുമാർ അമ്മയ്‌ക്കൊപ്പമായിരു താമസം. ആഹാരം പാകം ചെയ്ത് നൽകിയിരുന്നത് സാവിത്രി അമ്മയായിരുന്നു. വസ്ത്രങ്ങളും കഴുകി നൽകുമായിരുന്നു. ഇടയ്ക്ക് സ്വത്ത് ആവശ്യപ്പെട്ട് മർദ്ദിച്ചപ്പോൾ സാവിത്രി അമ്മ മകൾ ലാലിയെ വിളിച്ച് കാര്യം പറഞ്ഞു. ലാലിയെത്തി പരാതി നൽകാൻ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിപ്പോൾ സാവിത്രി അമ്മയുടെ മനസ് മാറി. എന്റെ പൊന്നുമോനാണവൻ, അവന് ഞാനല്ലാതെ വേറാരുണ്ടെന്ന് പറഞ്ഞ് അമ്മ മടങ്ങിയതായി വിങ്ങലോടെ മകൾ ലാലി പറഞ്ഞു. പെൻഷൻ കാശ് ചോദിച്ചും ഉപദ്രവിക്കുമായിരുന്നു. പക്ഷെ, സാവിത്രിഅമ്മയ്ക്ക് ഇളയമകനായ സുനിൽകുമാറിനോട് വലിയ സ്‌നേഹമായിരുന്നു.