ന്യൂഡൽഹി: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത 127 പേർ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളാലും ആശയങ്ങളാലും പ്രചോദിതരായവരാണെന്ന് വിവരം. രാജ്യത്തെ ഭീകരവാദ വിരുദ്ധ ടീമുകളുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ ദേശീയ അന്വേഷണ ഏജൻസി യിലെ ഉയർന്ന ഉദ്യോഗസ്ഥൻ അലോക് മിത്തലാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാജ്യത്തെ പൊലീസ് സേനയിലെ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ, ഇന്ത്യയ്ക്ക് മുന്നിൽ ഉയർന്നുവരുന്ന തീവ്രവാദ ഭീഷണികളെ കുറിച്ചും മോദി വിശദീകരിച്ചു. കൂടാതെ, ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജമാത്ത് ഉൽ മുജാഹിദീൻ എന്ന ഭീകരസംഘടന കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വേരുപിടിച്ചിട്ടുണ്ടെന്നും എൻ. ഐ. എ ഡയറക്ടർ വിശദീകരിച്ചു.
രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സുരക്ഷാ ഏജൻസികൾ ഐസിസ് ബന്ധം ആരോപിച്ച് 127 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ആൾക്കാരെ തമിഴ്നാട്ടിൽ നിന്നുമാണ് അറസ്റ് ചെയ്തിരിക്കുന്നത്. 33 പേരെയാണ് തമിഴ് നാട്ടിൽ നിന്നും പിടികൂടിയത്. ഉത്തർ പ്രദേശിൽ നിന്നും 19 പേർ, കേരളത്തിൽ നിന്നും 17, തെലങ്കാനയിൽ നിന്നും 14, മഹാരാഷ്ട്രയിൽ നിന്നും 12, കർണാടകയിൽ നിന്നും 8, ഡൽഹിയിൽ നിന്നും 7 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്ക്. ഉത്തരാഖണ്ഡ്, ബംഗാൾ, ജമ്മു കാശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഐസിസ് ബന്ധം മൂലം ആൾക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം സാക്കിർ നായിക്കിനാൽ ഭീകരവാദത്തിലേക്ക് ആകൃഷ്ടരായതെന്നും മിത്തൽ പറഞ്ഞു.