kala-mohan

ലൈംഗികാതിക്രമണങ്ങൾക്ക് ഇരയാകുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും അതിനെതിരെ പൊലീസിൽ പരാതി നൽകാനോ മറ്റൊരാളോട് പറയാനോ സാധിക്കാറില്ല. ഭാവി ജീവിതം, കുടുംബത്തിന്റെ അന്തസ് ഇതൊക്കെയാണ് പരാതിപ്പെടുന്നതിൽ നിന്ന് അവരെ പിന്നോട്ട് നയിക്കുന്നത്. അത്തരത്തിലൊരു മദ്ധ്യവയസ്കയുടെ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹൻ. മകളുടെ അമ്മായിയപ്പന്റെ ലൈംഗികാതിക്രമണമാണ് ആ പാവം സ്ത്രീ നേരിട്ടതെന്ന് കുറിപ്പിലൂടെ പറയുന്നു.

മകളുടെ ജീവിതമോർത്ത് അവർക്ക് ഇത് പുറത്ത് പറയാനും പറ്റില്ല. കൂടാതെ അവളോട് കാര്യം പറഞ്ഞപ്പോൾ തന്റെ അമ്മയ്ക്ക് മാനസിക പ്രശ്നമെന്നാണ് പറയുന്നത്. കാരണം മകൾക്ക് അവളുടെ കുഞ്ഞുങ്ങളുടെ ഭാവിനോക്കണം. പ്രായം കൂടും തോറും, ഇത്തരം ഭൂതകാലം മനുഷ്യന്റെ സമനില തെറ്റിച്ചു കൊണ്ടേ ഇരിക്കുമെന്ന് കലാ മോഹൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അച്ഛൻ പീഡിപ്പിച്ചു, ആങ്ങള പീഡിപ്പിച്ചു, അമ്മാവനും അപ്പൂപ്പനും പീഡിപ്പിച്ചു എന്നൊക്കെ ഒരുപാട് കേട്ടു മരവിച്ചിട്ടുണ്ട്..
എല്ലാസ്ത്രീകളെ ഇരകളും മുഴുവൻ പുരുഷന്മാരെ വേട്ടക്കാരും ആയി ചിത്രീകരിക്കാനും തോന്നാറില്ല..

പ്രായപൂർത്തി ആകാത്ത ആണ്കുഞ്ഞിനെയും പെണ്കുഞ്ഞിനെയും സ്ത്രീകൾ തന്നെ പീഡിപ്പിച്ച സംഭവങ്ങൾ എന്റെ കേസ് ഡയറിയിൽ ഉണ്ട്..
ആണിന് തുറന്നു പറയാൻ ഒരു അവസരം കിട്ടുന്നില്ല..

ആദ്യമായി, മകളുടെ അമ്മായിയപ്പന്റെ ലൈംഗികാതിക്രമണം നേരിട്ട ഒരു പാവം സ്ത്രീയുടെ കഥയും കേട്ടു..
ഇരയാക്കപ്പെട്ട സ്ത്രീ ശബ്ദിക്കില്ല..
കാരണം, അവരുടെ മകളുടെ ജീവിതമാണ്..
അമ്മയ്ക്കു മനസികപ്രശ്നം എന്നേ മകളും പറയുന്നുള്ളു..
കാരണം, അവൾക്കു മുന്നില് അവളുടെ കുഞ്ഞുങ്ങളുടെ ഭാവി ഉണ്ട്..

എനിക്കു ജോളി എന്ന കുറ്റാരോപിത ആയ സ്ത്രീയുടെ കുട്ടിക്കാലം തിരയണം എന്ന് തോന്നാറുണ്ട്..
അവരുടെ ജീവിതം എങ്ങനെ ഇങ്ങനെ ആയി എന്നറിയാൻ ഒരു കൗതുകം..
കുറ്റം തെളിയണം..ശിക്ഷ നൽകട്ടെ..
പക്ഷെ, ചെയ്ത തെറ്റിന്റെ ആഴം അറിയാൻ അവരിൽ ഒരു മനസ് ഉണ്ടാക്കി എടുക്കണം.. എങ്കിൽ അല്ലേ ആ ശിക്ഷ ഉചിതമാകു...
അവരുടെ കഥ, എങ്ങനെ ഇങ്ങനെ ആയി എന്നത് സമൂഹം അറിയേണ്ടേ??

ഇരയാക്കപ്പെട്ട സ്ത്രീകൾ, പിന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോയാലും,
ആക്രമണത്തിന്റെ കാഠിന്യം പോലെ ഇരിക്കും അവരുടെ പിന്നെ ഉള്ള മാനസികാവസ്ഥ..
അല്ലേൽ അവരെ അറിഞ്ഞു ചേർത്ത് നിർത്താൻ ഒരാളുണ്ടാകണം..

അത്തരം ദുരന്തങ്ങൾ നേരിട്ട പലരിലും എമ്പതി എന്നൊന്ന് ഇല്ല എന്ന് തോന്നാറുണ്ട്..
എന്ത്‌ കൊണ്ടോ ആണ്കുഞ്ഞിന്റെ നിലവിളി ആരും ശ്രദ്ധിക്കുന്നില്ല..
ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും,
അതിന്റെ കാരണങ്ങൾ കേൾക്കുമ്പോൾ, ശാരീരികാതിക്രമണത്തിന്റെ
ഒരു ഏട് അവനും ഉണ്ടെന്നു തോന്നാറില്ലേ..
ആരും തുറക്കാത്ത പൂട്ടിട്ടു പൂട്ടിയ ഒന്ന്..
അപ്പോഴല്ല..
പിന്നെയാണ്..
പ്രായം കൂടും തോറും, ഇത്തരം ഭൂതകാലം മനുഷ്യന്റെ സമനില തെറ്റിച്ചു കൊണ്ടേ ഇരിക്കും..

ഇന്നത്തെ എന്റെ ചിന്ത മുഴുവനും ആ സ്ത്രീ ആണ്..
മകൾക്കു വേണ്ടി, ഇനിയും മുഖമൂടി ധരിച്ചു ജീവിക്കേണ്ടി വരുന്ന കാലത്തോളം അവരിലെ മാനസികാവസ്ഥ എത്ര ദുസ്സഹം ആകും.. !!
അവരാരെ ഇനി സ്നേഹിക്കും ഭൂമിയിൽ !