akamarivu

നിങ്ങൾക്ക് മഹത്തായ ഉദ്ദേശ്യങ്ങളുണ്ടാവാം, വളരെ നല്ല ആഗ്രഹങ്ങളുണ്ടാവാം, നിങ്ങളിൽ വളരെയധികം ആവശ്യങ്ങളുണ്ടായേക്കാം, എങ്കിലും അടിസ്ഥാനപരമായി നിങ്ങൾ ഈ ലോകത്ത് ചെയ്യുന്നതെല്ലാം വ്യക്തമാകുന്നത് നിങ്ങൾ സ്വയം എങ്ങനെയാണ് എന്നതിലൂടെയാണ്. ഈ ഗ്രഹത്തിൽ മനുഷ്യത്വത്തിന് ഏറ്റവും കൂടുതൽ കഷ്‌ടത, ഏറ്റവും കൂടുതൽ വേദന, ഏറ്റവും കൂടുതൽ ദുരിതങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വളരെ നല്ല ഉദ്ദേശ്യങ്ങളോടെയാണ്, ചീത്ത ഉദ്ദേശ്യങ്ങളോടെയല്ല. ഏറ്റവും കൂടുതൽ കൊലപാതകങ്ങളും കൂട്ടക്കൊലയും ഈ ഗ്രഹത്തിൽ നടന്നിട്ടുള്ളതും ചിലരുടെ നല്ല ഉദ്ദേശ്യങ്ങളിലൂടെയാണ് .


നിങ്ങൾ ലോകത്ത് നോക്കുകയാണെങ്കിൽ, വഴക്ക് നടക്കുന്നത് നല്ലതും ചീത്തയും തമ്മിലല്ല. അതിലെപ്പോഴും നല്ല ആൾക്കാരാണ് പോരാടുന്നത്. തീവ്രവാദിയായി ലോകത്ത് മുദ്രകുത്തപ്പെട്ടയാൾ ഞാൻ നല്ലവനാണെന്ന് ചിന്തിക്കുന്നു. അവൻ എത്രത്തോളം നല്ലവനാണെന്ന് ചിന്തിക്കുന്നുവോ, അത്രത്തോളം നമ്മൾക്ക് ഭയാനകമായി മാറുന്നു. നിങ്ങൾ എത്ര നല്ലവനാണോ അത്രയും കൂടുതൽ നിങ്ങൾ യുദ്ധം ചെയ്യും. അങ്ങനെ തെറ്റായ ആൾക്കാരല്ല തമ്മിൽ തല്ലുന്നത്. അതെപ്പോഴും സന്മനസുള്ള നല്ല ആൾക്കാരാണ്.
അപ്പോൾ നമ്മളുടെ ഉദ്ദേശ്യങ്ങൾ നല്ലതാണ്, എങ്കിലും അടിസ്ഥാനപരമായി എല്ലാ മനുഷ്യരും അത്യാവശ്യമായി സ്വയം തന്നെ ശരിയാക്കേണ്ടിയിരിക്കുന്നു, കാരണം അറിവില്ലായ്‌മയാൽ ചെയ്യുന്നവ, നിങ്ങളെയും ചുറ്റുമുള്ള ലോകത്തെയും ഉപദ്രവിക്കുകയാണ്.


എന്താണ് പ്രഥമവും അത്യാവശ്യവുമായ മനുഷ്യന്റെ ഉത്തരവാദിത്വമെന്നു വച്ചാൽ, സ്വയം സന്തുഷ്‌ടനാവുക എന്നതാണ് . കാരണം നിങ്ങളെന്തൊക്കെ ചെയ്‌താലും എന്തൊക്കെ ആഗ്രഹിച്ചാലും, അത് കച്ചവടമോ പണമോ അധികാരമോ വിദ്യഭ്യാസമോ സേവനങ്ങളോ മറ്റെന്തെങ്കിലമോ ആയിക്കൊള്ളട്ടെ, നിങ്ങളത് ചെയ്യുന്നത്, ആ പ്രവൃത്തിയിലൂടെ നിങ്ങൾക്ക് സന്തോഷം കിട്ടുമെന്ന് നിങ്ങൾ വിശ്വസിക്കുന്നതു കൊണ്ടാണ്.


നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ആവശ്യം ഉദ്ഭവിക്കുന്നത് നിങ്ങൾക്ക്സന്തോഷിക്കാനുള്ള അഭിലാഷത്തിൽ നിന്നാണ്. ഈ ഗ്രഹത്തിലെ ജീവനെത്തന്നെ അപകടത്തിലാക്കും വിധമാണ് സന്തോഷിക്കാനുള്ള നിങ്ങളുടെ തീക്ഷ്ണത ക്രമാതീതമായി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ നൂറുവർഷങ്ങളിൽ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്താൽ, ഈ ഗ്രഹത്തിൽ പലതും ചെയ്തു കൂട്ടിയിരിക്കുന്നു. ഇന്നുള്ള സുഖങ്ങളും സൗകര്യങ്ങളും നൂറുവർഷം മുൻപ് സ്വപ്‌നത്തിൽപ്പോലും കാണാൻ പറ്റില്ലായിരുന്നു. ഇതെല്ലാമുണ്ടായിരുന്നിട്ടും, മനുഷ്യൻ നൂറുവർഷം മുമ്പുള്ളതിനെക്കാൾ സന്തുഷ്‌ടനാണെന്ന് പറയാനാവില്ല.

സ്വന്തം പ്രകൃതത്തിലൂടെ ഉല്ലാസവാനായിരുന്നില്ലെങ്കിൽ നല്ല ഉദ്ദേശ്യങ്ങളോടെ അവൻ ചുറ്റുപാടിലും വളരെയധികം നാശനഷ്‌ടങ്ങൾ വരുത്തും.