jolly-

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി തിരുവമ്പാടി പൊലീസ് രേഖപ്പെടുത്തി. ആൽഫൈന് നൽകാനുള്ള ഭക്ഷണം എടുത്തു നൽകിയത് ജോളിയാണെന്നും ആ സമയത്ത് യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും ഷാജുവിന്റെ സഹോദരി ഷീന പറഞ്ഞു. ജോളി എടുത്തു നൽകിയ ഭക്ഷണം ആൽഫൈന് കൊടുത്തത് താനാണെന്നും ഷീന പറഞ്ഞു.

ആൽഫൈന്റെ മരണം അന്വേഷിക്കുന്ന തിരുവമ്പാടി ഹൗസ് സ്റ്റേഷൻ ഓഫീസർ ഷാജു ജോസഫിന് മുമ്പാകെയാണ് ഷീന മൊഴി നൽകിയത്.

ഷീന പറഞ്ഞത്: ഷാജു - സിലി ദമ്പതികളുടെ മൂത്ത മകന്റെ ആദ്യ കുർബാന വിരുന്ന് നടക്കുന്ന ദിവസമായിരുന്നു. സിലി അവരുടെ ബന്ധുക്കളുമായി വീട്ടുമുറ്റത്തെ പന്തലിൽ ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടയിൽ വീടിനകത്തായിരുന്ന ആൽഫൈന് ഭക്ഷണം നൽകാൻ തന്നോട് ആവശ്യപ്പെട്ടു. താൻ അടുക്കളയിൽ എത്തിയപ്പോൾ ഇത് കൊടുത്തോളൂ എന്ന് പറഞ്ഞ് ജോളി ബ്രെഡും ഇറച്ചിക്കറിയും തന്നെ ഏല്പിച്ചു.

ഇറച്ചിക്കറിയിൽ മുക്കി ബ്രെഡ് നൽകിയതോടെയാണ് ആൽഫൈൻ മരണവെപ്രാളം കാണിക്കാൻ തുടങ്ങിയത്. ഉടനേ ഒരു വാഹനത്തിൽ ഓമശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ മറ്റൊരു വാഹനത്തിൽ ഷാജുവിന്റെ പിതാവ് സക്കറിയാസിനെയും കൂട്ടി ജോളിയും ആശുപത്രിയിൽ എത്തി.

നൽകിയ ഭക്ഷണത്തിന്റെ ബാക്കി എവിടെയെന്ന് പിന്നീട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞിന്റെ വെപ്രാളത്തിനിടയിൽ ബാക്കി വന്ന ഭക്ഷണം എവിടെയാണ് വച്ചതെന്ന് തനിക്കും ഓർമ്മയില്ലായിരുന്നു.

ആൽഫൈന് ഭക്ഷണം നൽകാൻ ആവശ്യപ്പെടുന്നത് കേട്ട് എപ്പോഴും ബാഗിലെ ഡപ്പയിൽ സൂക്ഷിക്കുന്ന സയനൈഡ് ജോളി ബ്രെഡിൽ ചേർത്തതാവാമെന്നാണ് പൊലീസ് നിഗമനം.