പുരുഷൻ തല്ലിയാൽ തിരിച്ചു തല്ലുന്ന സ്ത്രീയെ ശക്തയെന്ന് വിളിക്കാൻ ആകില്ലെന്ന് പറഞ്ഞ് ഹോളിവുഡ് സൂപ്പർ നടി ആഞ്ജലീന ജോളി. പുരുഷന്മാരെ പോലെ വേഷം ധരിച്ചത് കൊണ്ടോ അവരെ പോലെ പെരുമാറിയത് കൊണ്ടോ ശക്തരാകാൻ കഴിയില്ലെന്നാണ് ആഞ്ജലീനയുടെ പക്ഷം. പുരുഷന്മാരോട് ചേർന്നുകൊണ്ട് വേണം സ്ത്രീകൾ ശക്തരാകേണ്ടതെന്നും നടി പറഞ്ഞുവയ്ക്കുന്നു. 'മാലെഫിഷന്റ്: മിസ്ട്രസ് ഒഫ് ഈവിൾ' എന്ന തന്റെ സിനിമയുടെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ആഞ്ജലീന.
'സത്യത്തിൽ പുരുഷന്മാരിൽ നിന്നും ഒരുപാട് സ്ത്രീകൾക്ക് പഠിക്കാനുണ്ട്. ഒരു കാര്യമല്ല, അനേകം കാര്യങ്ങളാണ് ഇതിലുള്ളത്. അവരുടെ പിന്തുണ സ്ത്രീകൾക്ക് ആവശ്യമുണ്ട്. പുരുഷന്മാരോട് ചേർന്നുനിന്നുകൊണ്ട് വേണം സ്ത്രീകൾ ശക്തയാകേണ്ടതും.' പുരുഷമേധാവിത്തോട് വിധേയപ്പെട്ടുകൊണ്ടുള്ളതെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന ആഞ്ജലീന ഈ അഭിപ്രായം ഹോളിവുഡ് നടിമാരുടെ ഫെമിനിസത്തെ കുറിച്ചുള്ള പൊതു അഭിപ്രായത്തിന് വിരുദ്ധമാണ്. എമ്മ വാട്സൺ, ജെന്നിഫർ ലോറൻസ്. നതാലി പോർട്മാൻ എന്നീ നടിമാർ ഫെമിസ്നിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നവരാണ്.
തന്റെ പുതിയ ചിത്രം പുതുതലമുറയിലെ പെൺകുട്ടികൾക്ക് മുൻപിൽ പുതിയൊരു ആശയം മുന്നോട്ട് വയ്ക്കുന്നതായും അഞ്ജലീന പറയുന്നു. സിനിമയിൽ ശക്തരായ സ്ത്രീകളാണ് ഉള്ളതെന്നും എന്നാൽ അതുപോലെ തന്നെ ശക്തരായ പുരുഷന്മാരും ചിത്രത്തിൽ ഉള്ളതായും നടി ചൂണ്ടിക്കാട്ടുന്നു. ശാരീരിക ക്ഷമത കൊണ്ടുമാത്രം ആർക്കും ശക്തയാകാൻ സാധിക്കില്ലെന്നും ചിത്രത്തിലെ കഥാപാത്രങ്ങൾ പുരുഷന്മാരോടൊപ്പം നിൽക്കുന്നവരാണെന്നും ആഞ്ജലീന ജോളി പറയുന്നുണ്ട്. അഞ്ജലീനയോടൊപ്പം സിനിമയിൽ വേഷമിടുന്ന എൽ ഫാനിങ്ങിനും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്.