militants

ന്യൂഡൽഹി: ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെ.എം.ബി) ഇന്ത്യയൊട്ടാകെ താവളമുറപ്പിച്ചിട്ടുണ്ടെന്നും കേരളം അടക്കം നാലു സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നുണ്ടെന്നും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) ഡയറക്ടർ ജനറൽ വൈ.സി. മോദി പറഞ്ഞു. ഭീകരവിരുദ്ധസ്ക്വാഡ് മേധാവിമാരുടെ ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്ര, കർണാടക, കേരളം, ബീഹാർ, തമിഴ്നാട് എന്നിവിടങ്ങളിലാണ് ജെ.എം.ബി ഭീകരർ വേരാഴ്ത്തിയിരിക്കുന്നത്. ഇതുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 125 പേരുടെ വിവരങ്ങൾ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ജെ.എം.ബി ഭീകരർക്ക് ബംഗളൂരുവിൽ മാത്രം 2022 താവളങ്ങളുണ്ട്. സൗത്ത് ഇന്ത്യ മുഴുവൻ താവളമുറപ്പിക്കാനാണവരുടെ ശ്രമം. കർണാടക അതിർത്തിയിൽ കൃഷ്ണഗിരി മലമുകളിൽ റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. ബുദ്ധ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ളവ തകർക്കാൻ തക്കം പാർത്തിരിക്കുകയാണവർ. മ്യാൻമറിലെ റോഹിംഗ്യൻ മുസ്ളിങ്ങളുടെ ദുരവസ്ഥയ്ക്ക് പകരം വീട്ടുകയാണ് ലക്ഷ്യം.' -എൻ.ഐ.എ ഐ.ജി അലോക് മിത്തൽ പറഞ്ഞു.

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരവാദം വീണ്ടും സജീവമാകുന്നതായും ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, ആസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇവർക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐസിസുമായി ബന്ധപ്പെട്ട് കേസുകളിൽ പിടിയിലായ 127 പേരിൽ 17 പേർ മലയാളികളാണ്. തമിഴ്നാട്ടിൽ നിന്ന് 33 പേരും ഉത്തർപ്രദേശിൽ നിന്ന് 19 പേരും തെലങ്കാനയിൽ 14 പേരും അറസ്റ്റിലായി. കേരളത്തിലും തമിഴ്നാട്ടിലും ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നു കേസുകളിലെ പ്രതികൾക്ക് പ്രചോദനമായത് ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരൻ സഹ്‌‌റാൻ ഹാഷ്മിയാണെന്നും മിത്തൽ പറഞ്ഞു.