ഫോണിന് ഒരു സ്ക്രീൻ പ്രൊട്ടക്ടർ വാങ്ങി പണി കിട്ടിയിരിക്കുകയാണ് കാസിൽഫോർഡ് വെസ്റ്റ് യോർക്ക്ഷയറിലെ ബ്രിട്ടീഷ് ദമ്പതികളായ ലിസ നീൽസണും ഭർത്താവ് വെസും. തന്റെ ഫോണിന്റെ സ്‌ക്രീനിനെ സംരക്ഷിക്കാൻ ഇ കൊമേർഷ്യൽ സൈറ്റായ ഇ- ബേയിൽ നിന്നും വാങ്ങിയ ജെൽ സ്ക്രീൻ പ്രൊട്ടക്ടറാണ് ലിസയ്ക്ക് പണി കൊടുത്തത്. ഈ സ്‌ക്രീൻ ഫിലിം ഒട്ടിച്ച ശേഷം ഫോണിലെ വിലപ്പെട്ട വിവരങ്ങളെല്ലാം പുറത്താകുന്നതായാണ് ലിസയുടെ പരാതി. ഫിംഗർപ്രിന്റ് സ്കാനിംഗ് സംവിധാനമുള്ള ലിസയുടെ സാംസംഗ് ഫോൺ ഇപ്പോൾ ആർക്ക് വേണ്ടമെങ്കിലും തുറക്കാവുന്ന അവസ്ഥയിലാണ്.
ബാങ്കിങ് ആപ്പും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ആപ്പുകളും ഉള്ള ഫോണാണ് 34കാരിയായ ലിസയുടേത്. ഇപ്പോൾ വിലപ്പെട്ട ഈ വിവരങ്ങളെല്ലാം എപ്പോൾ വേണമെങ്കിലും പുറത്ത് പോകാം. സുരക്ഷാ സംവിധാനങ്ങളെല്ലാം പെട്ടെന്ന് താറുമാറായത് ഫോണിന്റെ പ്രശ്നം കൊണ്ടുതന്നെയാണെന്നാണ് ലിസ ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് താൻ വാങ്ങിയ ജെൽ പ്രൊട്ടക്ടറാണ് ഇതിന് ഉത്തരവാദി എന്ന് ലിസ കണ്ടെത്തിയത്. ഈ കാരണം കാട്ടി സാംസംഗ് കമ്പനിയെ ലിസ സമീപിച്ചു. എന്നാൽ ഫോൺ കാരണമല്ല ഇത് സംഭവിച്ചതെന്നും സാംസംഗ് ഫോണുള്ളവർ എപ്പോഴും അവരുടെ ആക്‌സസറീസ് തന്നെയാണ് ഉപയോഗിക്കേണ്ടതെന്നുമാണ് അവർ ലിസയോട് പറഞ്ഞത്.