ഭാഷയ്ക്കൊരു പുതിയ പദവും തിരുവനന്തപുരത്തിന്റെ തനതായ സംസാരശൈലിക്ക് ഒരു മുതൽക്കൂട്ടുമെന്ന് ജഗദീഷ് കോവളത്തിന്റെ 'മൗനധ്വനി"എന്ന നോവലിനെ ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാമെങ്കിലും കഥയിലുടനീളം നിറഞ്ഞുനിൽക്കുന്നത് ഗുരുദേവ ദർശനങ്ങളാണെന്ന വസ്തുത തള്ളിക്കളയാനാവില്ല. ജി. വിവേകാനന്ദന്റെ ' കള്ളിച്ചെല്ലമ്മ"യ്ക്കുശേഷം നെയ്യാറ്റിൻകര താലൂക്കിന്റെ തനതായ സംസാരശൈലി തനിമയോടെ അവതരിപ്പിക്കുന്ന സൃഷ്ടിയെന്ന ബഹുമതിയും 'മൗനധ്വനി"സ്വന്തമാക്കുന്നു.. വിഴിഞ്ഞം തിയേറ്റർ നടയിലെ ഗുരുദേവ പ്രതിമയുടെ സാക്ഷ്യത്തിൽ മൂന്നു പതിറ്റാണ്ടുകൾക്കു മുന്നേയുള്ള മതസൗഹാർദ്ദവും ഇതര മതസ്ഥർക്കിടയിൽ നിലനിന്നിരുന്ന സൗഹൃദങ്ങളുടെ ഇഴയടുപ്പവും പകിട്ടേതും കുറയാതെ ജഗദീഷ് കോവളം വർണാഭമായി മൗനധ്വനിയിലൂടെ വരച്ചുകാട്ടുന്നു.
മതസൗഹാർദ്ദമെന്ന പ്രമേയം ഒട്ടേറെ നോവലുകൾക്കും, കഥകൾക്കും വിഷയീഭവിച്ചതാണെന്നിരിക്കെ, ഇത്രയും തീവ്രതയോടെ ഹിന്ദു - മുസ്ലീം സാഹോദര്യത്തെ യഥാർത്ഥ സ്ഥലങ്ങളുടെ പശ്ചാത്തലത്തിൽ സാങ്കല്പിക കഥാപാത്രങ്ങളിലൂടെ ശക്തമായി അവതരിപ്പിക്കുന്ന മറ്റൊരു നോവൽ ഓർമ്മത്താളുകൾക്കിടയിൽ ചികഞ്ഞിട്ടും കിട്ടുന്നില്ലയെന്നത് നോവലിസ്റ്റിന്റെ തൂലികാദൃഢതയെയും പദസമ്പത്തിനേയും അവതരണ രീതിയെയും വെളിവാക്കുന്നതാണ്. തെറ്റ് ചെയ്യുന്നത് സ്വന്തം കൈ ആയാൽ പോലും സ്വയമത് വെട്ടിമാറ്റുവാൻ ആർജ്ജവമുള്ളവനായിരിക്കണം ഒരു യഥാർത്ഥ വിപ്ലവകാരി എന്ന പ്രസ്താവനയിലൂടെ നാല്പത് അദ്ധ്യായങ്ങളിലായി പടർന്നു കിടക്കുന്ന 'മൗനധ്വനി" അവസാനിക്കുമ്പോൾ കാലിക രാഷ്ട്രീയവും കഥയ്ക്ക് പുതുമയും ആകാംക്ഷയും സമ്മാനിക്കുന്നു.
മികച്ച വായനാനുഭവം സമ്മാനിക്കുന്ന 'മൗനധ്വനി" ജഗദീഷ് കോവളത്തിന്റെ ആദ്യ നോവൽ ആണ്. പാപ്പാത്തി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുള്ള പുസ്തകത്തിന്റെ വില 320 രൂപയാണ്.