parakala

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന പ്രതിസന്ധികളിൽ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ ഭർത്താവുമായ പറകാല പ്രഭാകർ.

നെഹ്റുവിന്റെ സോഷ്യലിസത്തെ വിമർശിക്കാൻ സമയം പാഴാക്കാതെ നരസിംഹറാവുവിന്റെയും ഡോ. മൻമോഹൻ സിംഗിന്റെയും സാമ്പത്തിക നയങ്ങൾ പിന്തുടരാൻ മോദി സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 'ദി ഹിന്ദു" പത്രത്തിലെഴുതിയ കോളത്തിലാണ് പ്രഭാകർ അഭിപ്രായം തുറന്നെഴുതിയത്.

'പുതിയ നയങ്ങൾ കൊണ്ടുവരാൻ മോദി സർക്കാർ സന്നദ്ധത പ്രകടിപ്പിക്കണം. നെഹ്‌റുവിയൻ നയങ്ങളെ വിമർശിക്കുന്നതിന് പകരം സമ്പദ് വ്യവസ്ഥയുടെ ഉദാരവത്കരണത്തിന് വഴി തെളിച്ച റാവു-സിംഗ് മോഡൽ സ്വീകരിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് യോജിച്ച ആശയങ്ങൾ വികസിപ്പിക്കാൻ ബി.ജെ.പി വിശദീകരിക്കാനാവാത്ത വിമുഖത കാട്ടുകയാണ്. നെഹ്‌റുവിന്റെ നയങ്ങളെ കുറ്റപ്പെടുത്തുന്നതിൽ നിന്നും ബി.ജെ.പിക്ക് കണ്ണെടുക്കാൻ താത്പര്യമില്ല. നരസിംഹറാവുവിന്റെയുംമൻമോഹൻ സിംഗിന്റെയും പാത ഇന്നും വെല്ലുവിളികളില്ലാത്തതാണ്. റാവു- സിംഗ് നയം കഴിഞ്ഞ കാൽനൂറ്റാണ്ടായി വ്യതിയാനമൊന്നും വരുത്താതെ നിലനിൽക്കുന്നുണ്ട്. എല്ലാറ്റിനോടും സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോൾ രാജ്യത്തെ ഓരോ സാമ്പത്തിക മേഖലയും ഗുരുതരമായ വെല്ലുവിളിയെ നേരിടുകയാണ്. പ്രശ്നത്തിന്റെ അടിസ്ഥാനമെന്തെന്ന് മനസിലാക്കാൻ ബി.ജെ.പിക്ക് താത്പര്യമില്ല.'- പ്രഭാകർ കുറിച്ചു.

സ്വന്തമായി ഒരു സാമ്പത്തിക നയം രൂപപ്പെട്ടിട്ടില്ലാത്ത പാർട്ടിയാണ് ബി.ജെ.പി. നെഹ്റുവിയൻ സോഷ്യലിസത്തെ ഭാരതീയ ജനസംഘത്തിന്റെ കാലം മുതൽക്കേ ബി.ജെ.പി നിഷേധിക്കുന്നതാണ്. സ്വതന്ത്ര, മുതലാളിത്ത സാമ്പത്തിക നയമാണ് തങ്ങളുടേതെന്ന് അലക്ഷ്യമായി പറയാറുണ്ട് എന്നല്ലാതെ എന്താണ് ആ നയമെന്നതിന് ഇനിയുമൊരു രൂപം അവർക്ക് വന്നിട്ടില്ല. പകരം എല്ലാറ്റിനെയും നിഷേധാത്മകമായി സമീപിക്കുകയും നയമൊന്നുമില്ലാതെ തുടരുകയുമാണ് ബി.ജെ.പിയെന്നും പ്രഭാകർ എഴുതുന്നു.