economics-nobel
Economics Nobel, For Abhijit Banerjee, Esther Duflo, And Michael Kremer

സ്റ്റോക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ഇന്ത്യൻ വംശജനായ അഭിജിത് വിനായക് ബാനർജിയും ഭാര്യയും ഫ്രഞ്ച്-യു.എസ് സ്വദേശിയുമായ എസ്‌തർ ഡുഫ്ളോയും ഉൾപ്പെടെ മൂന്നു പേർ പങ്കിട്ടു. ഇവർക്കൊപ്പം ഗവേഷണം നടത്തിയ യു.എസ് ശാസ്ത്രജ്ഞൻ മൈക്കേൽ ക്രെമർ ആണ് ബഹുമതി പങ്കിട്ട മൂന്നാമൻ.

ആഗോള ദാരിദ്ര്യനിർമ്മാർജ്ജനത്തിനായുള്ള പരീക്ഷണാത്മക വികസന മാതൃകകൾ അവതരിപ്പിച്ചത് കണക്കിലെടുത്താണ് സമ്മാനം. 1998ൽ ആഫ്രിക്കയിലെ പട്ടിണിയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾക്ക് നോബൽ സമ്മാനം ലഭിച്ച അമർത്യ സെന്നിന് ശേഷം ബംഗാളിൽ നിന്നു തന്നെയുള്ള ബാന‌ർജിയാണ് ഇൗ സമ്മാനം ലഭിക്കുന്ന രണ്ടാം ഇന്ത്യക്കാരൻ എന്നത് കൗതുകകരമായി.

ആഗോളതലത്തിൽ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള യത്നങ്ങൾക്ക് മൂവരുടെയും ഗവേഷണങ്ങൾ കൂടുതൽ ശക്തി പകർന്നതായും,​ ഇവർ അവലംബിച്ച സമീപനം വികസനോന്മുഖ സാമ്പത്തിക ശാസ്ത്രത്തെ രണ്ടു ദശാബ്‌ദങ്ങൾക്കിടെ മാറ്റിമറിച്ചതായും നോബൽ പുരസ്കാര നിർണയ സമിതി വിലയിരുത്തി. 2003 ൽ അഭിജിത് ബാനർജിയും എസ്തറും ചേർന്ന് സ്ഥാപിച്ച അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്‌ഷൻ ലാബിലായിരുന്നു ദാരിദ്ര്യത്തിന് എതിരെ മൂവരുടെയും പോരാട്ട പരീക്ഷണങ്ങൾ.

അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്കു കീഴിൽ ഫോർഡ് ഇന്റർനാഷണൽ ഫൗണ്ടേഷനിൽ സാമ്പത്തികശാസ്ത്ര പ്രൊഫസർ ആണ് 58 കാരനായ അഭിജിത് ബാനർജി. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് 1981 ൽ സാമ്പത്തികശാസ്ത്ര ബിരുദം നേടിയ അഭിജിത് ബാനർജി,​ ന്യൂ‌ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഉപരിപഠനത്തിനു ശേഷം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് 1988 ൽ ഇർഫർമേഷൻ ഇക്കണോമിക്സ് എന്ന വിഷയത്തിൽ ഗവേഷണ ബിരുദം നേടി.

2012 ലെ ജെറാൾഡ് ലോബ് പുരസ്‌കാരം അഭിജിത് ബാനർജിയും എസ്തറും ചേർന്ന് എഴുതിയ പുവർ ഇക്കണോമിക്സ് എന്ന ഗ്രന്ഥത്തിനായിരുന്നു. ഈ ഗ്രന്ഥം 17 ലോകഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. ആദ്യഭാര്യ അരുന്ധതി തുളിയുമായുള്ള വിവാഹമോചനത്തിനു ശേഷം സഹപ്രവർത്തകയായ എസ്തറെ അഭിജിത് ജീവിതസഖിയാക്കുകയായിരുന്നു. നാലു വർഷം മുമ്പായിരുന്നു ഔപചാരിക വിവാഹം.