അമർത്യാസെന്നിനുശേഷം സാമ്പത്തിക ശാസ്ത്രത്തിൽ മറ്റൊരു നോബൽ കൂടി ഇന്ത്യയെ മുത്തമിട്ടിരിക്കുന്നു.കൊൽക്കത്തയിൽ ജനിച്ച അമേരിക്കൻ വംശജനായ അഭിജിത്ത് ബാനർജിക്കും ഭാര്യയും ഫ്രഞ്ച്-യു.എസ് സ്വദേശിയായ എസ്തേർ ഡുഫ്ളോയ്ക്കും യു.എസ് സ്വദേശി മൈക്കിൾ ക്രെമർക്കുമാണ് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നോബൽ .ആഗോള ദാരിദ്ര്യ നിർമ്മാർജനത്തിനുള്ള നൂതന പരീക്ഷണങ്ങൾക്കാണ് സമ്മാനം.
ആഗോളദാരിദ്ര്യം നിർമ്മാർജനം ചെയ്യാനുള്ള തന്റെ പരീക്ഷണാത്മക സമീപനത്തിനാണ് അഭിജിത്ത് ബാനർജി നോബൽ കരസ്ഥമാക്കിയത്. ആഗോളദാരിദ്ര്യം ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ അതിനു പരിഹാരം കാണാനുള്ള ബാനർജിയുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ പുവർ ഇക്കണോമിക്സ് എന്ന പുസ്തകത്തെക്കുറിച്ച് നോബൽജേതാവായ അമർത്യസെൻ പറയുന്നത്.'ദാരിദ്ര്യത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാനുള്ള ഉൾക്കാഴ്ച പ്രദാനം ചെയ്യുന്ന പുസ്തകമാണെന്നാണ്."
ദാരിദ്ര്യം 100 ശതമാനവും തുടച്ചു നീക്കാനാകുമെന്ന് ബാനർജി തന്റെ ഗവേഷണങ്ങളിലൂടെ അഭിപ്രായപ്പെടുന്നില്ല. അതിന് പരിപൂർണമായൊരു പരിഹാരവുമില്ല.എന്നാൽ ലോകത്താകമാനമുള്ള ഭരണ -രാഷ്ട്രീയ അദ്ധ്യാപക ഗവേഷക-സംരംഭക- എൻ.ജി.ഓ കൂട്ടായ്മകളിലൂടെ-അവരുടെ ചെറുതും വലുതുമായ ആശയങ്ങളിലൂടെ വലിയ അളവോളം പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് അഭിജിത്ത് പറയുന്നു.
ദാരിദ്ര്യം നിർമ്മാർജനം ചെയ്യുന്നതിനുള്ള മാജിക് ബുള്ളറ്റുകൾ നമ്മുടെ കൈയിലില്ലെങ്കിലും നമുക്ക് ദരിദ്രരുടെ ജീവിതനിലവാരം ഉയർത്തുന്നതിനു കുറെയേറെക്കാര്യങ്ങൾ ചെയ്യാൻ കഴിയും.പ്രത്യേകമായി 5 സുപ്രധാനമായ പാഠങ്ങളാണ് അദ്ദേഹത്തിന്റെ തന്നെ പുവർ ഇക്കണോമിക്സ് എന്ന പുസ്തകം മുന്നോട്ടു വയ്ക്കുന്നത്.
1. യഥാർത്ഥ വസ്തുതകളെക്കുറിച്ചുള്ള കൃത്യമായ അറിവിന്റെ അഭാവം പാവങ്ങൾ അനുഭവിക്കുകയും, സത്യമല്ലാത്തവ വിശ്വസിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നുണ്ട്.
2. ദരിദ്രർക്ക് ജീവിതത്തിലെ വളരെയധികം മേഖലകളിലെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നു.
3. ദരിദ്രരെ സംബന്ധിച്ചിടത്തോളം അവർക്ക് അനുകൂലമായ കമ്പോളങ്ങൾ നിഷേധിക്കപ്പെടുന്നു.അല്ലെങ്കിൽ ഉയർന്ന വില നൽകാൻ അവർ നിർബന്ധിതരാകുന്നു
4.ദരിദ്ര രാജ്യങ്ങൾ പരാജയപ്പെടുന്നത് അവരുടെ നിർഭാഗ്യകരമായ ചരിത്ര പശ്ചാത്തലം കൊണ്ടുകൂടിയാണ്, അഥവാ ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ തെറ്റായ കൈകളിലൂടെയാണ് രൂപപ്പെടുന്നതെന്ന് സാരം.
5. ജനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? എന്ത് കഴിയില്ല? എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകൾ അവരുടെ തന്നെ സ്വയം പ്രഖ്യാപിത പ്രവചനങ്ങളാൽ അവസാനിക്കുന്നതായാണ് കാണുന്നത്. ഉദാഹരണത്തിന് ചിലപ്പോൾ കുട്ടികളെ അദ്ധ്യാപകരും രക്ഷിതാക്കളും തന്നെ പിന്നിലേക്ക് നയിക്കുന്നതും കാണാറില്ലേ.
ദാരിദ്ര്യത്തിന് പരിസമാപ്തി കാണാനുള്ള പാങ്ങ് ലോകത്തിനുണ്ട് പക്ഷേ അതിനുള്ള മാർഗങ്ങൾ ആരായുന്നില്ലെന്ന് മാത്രം.അഭിജിത്ത് ബാനർജി സമർത്ഥിക്കുന്നു
ഇതാദ്യമായാണ് ദമ്പതികൾക്ക് സാമ്പത്തികശാസ്ത്ര നോബൽ ലഭിക്കുന്നത്. എം.ഐ.ടിയിൽ ലിറ്ററേച്ചർ അദ്ധ്യാപികയായ അരുന്ധതി തുലി ബാനർജിയെയാണ് അഭിജിത്ത് ആദ്യം വിവാഹം ചെയ്തത്.ആ ബന്ധത്തിൽ ഒരു ആൺകുട്ടിയുണ്ട്.തന്റെ കീഴിൽ പി.എച്ച്.ഡി ചെയ്ത സഹ പ്രവർത്തകയും സഹ ഗവേഷകയുമായ ഡുഫ്ലോയിൽ ഒരു കുട്ടിയുണ്ടായി.തുടർന്ന് അവരെ അഭിജിത്ത്് പിന്നീട് വിവാഹം ചെയ്യുകയായിരുന്നു.ഡുഫ്ലോയുമൊത്താണ് ഇപ്പോൾ നോബൽ പങ്കിട്ടിരിക്കുന്നത്.46 കാരിയായ ഡുഫ്ലോ സാമ്പത്തിക ശാസ്ത്രത്തിൽ എലിനോർ ഓസ്ടോമിനുശേഷം നോബൽ നേടുന്ന രണ്ടാമത്തെ വനിതയാണ്.
58 കാരനായ അഭിജിത് 1961 ലാണ് ജനിച്ചത്.കൊൽക്കത്ത പ്രസിഡൻസിയിലെ പഠനശേഷം ജെ.എൻ.യുവിലും പഠിച്ചു. തുടർന്ന് 1988 ൽ ഹാവാർഡിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കുകയും ചെയ്തു.
വിഖ്യാതമായ അബ്ദുൾലത്തീഫ് ജമീൽ പവർട്ടി ആക്ഷൻ ലാബ് അഭിജിത്തും ഡുഫ്ളോയും സെന്തിൽ മുരളീധരനും ചേർന്ന് മാസച്യുസെറ്റ്സിൽ സ്ഥാപിച്ചതാണ്.അമേരിക്കൻ അക്കാഡമി ഒഫ് ആർട്സ് ആൻഡ് സയൻസസിലെയും എക്കണോമിക് സൊസൈറ്റിയിലെയും അംഗമാണ് അഭിജിത്ത്.പൂവർ ഇക്കണോമിക്സ് ഉൾപ്പെടെ നാലു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.17 ഭാഷകളിലേക്ക് പൂവർ ഇക്കണോമിക്സ് പരിഭാഷപ്പെടുത്തി.
"അഭിജിത്തിന്റെ പിതാവ് ദീപക് ബാനർജി കൊൽക്കത്ത പ്രസിഡൻസി കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ ഏവർക്കും ആരാധ്യനായ പ്രൊഫസറായിരുന്നു.അമ്മ നിർമ്മലാ ബാനർജിയും ആദ്യകാല സാമ്പത്തിക വിദഗ്ധയും ഫെമിനിസ്റ്റുമായിരുന്നു.അത്ഭുതകരമായ പാണ്ഡിത്യത്തിനൊപ്പം മികച്ച പാചകക്കാരനും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആരാധകനുമാണ് അഭിജിത്ത്. ഇന്ത്യൻ സംസ്ക്കാരത്തെ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയുമാണ് "-
പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹയുടെ ട്വീറ്റ്
"നോബൽ നേടിയതിൽ അഭിജിത് ബാനർജിക്ക് ഹൃദയംഗമായ അഭിനന്ദനങ്ങൾ.കൊൽക്കത്ത സൗത്ത് പോയിന്റ് സ്കൂളിലെയും പ്രസിഡൻസി കോളേജിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്നു അഭിജിത്ത് .മറൊരു ബംഗാളി കൂടി രാജ്യത്തിന് അഭിമാനം പകർന്നിരിക്കുന്നു.ഞങ്ങൾ അത്യഹ്ലാദത്തിലാണ്
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ട്വീറ്റ്
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)